ന്യൂഡൽഹി: മകളുടെ മരണം വച്ച് രാഷ്ട്രീയം കളിക്കരുതെന്ന് നിർഭയയുടെ അമ്മ ആശാദേവി. വിധി നടപ്പിലാക്കാൻ വൈകുന്നതിനെ ചൊല്ലി ബി.ജെ.പിയും ആംആദ്മിയും തമ്മിലുള്ള രാഷ്ട്രീയ തർക്കമുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം.
' ഇതുവരെ ഞാൻ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നീതിക്കു വേണ്ടി കൈകൂപ്പി അഭ്യർത്ഥിക്കുകയാണ് ചെയ്തത്. 2012ൽ കറുത്ത കൊടിയും ത്രിവർണപതാകയുമായി തെരുവിൽ പ്രതിഷേധിച്ചവർ ഇന്ന് രാഷ്ട്രീയ നേട്ടത്തിനായി മകളുടെ മരണം ഉപയോഗിക്കുകയാണ്. ഇത് അവസാനിപ്പിക്കണം.'- ആശാദേവി പറഞ്ഞു.
ജനുവരി 22ന് തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അവർ ആവശ്യപ്പെട്ടു.
2017ൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ചതിന് പിന്നാലെ പ്രതികൾക്ക് നോട്ടീസ് നൽകാൻ ആംആദ്മി സർക്കാർ തയ്യാറായിരുന്നെങ്കിൽ വിധി നടപ്പാക്കാൻ വൈകില്ലായിരുന്നുവെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിമർശിച്ചിരുന്നു.
തങ്ങൾക്ക് പൊലീസ് അധികാരമില്ലെന്നായിരുന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മറുപടി. ശിക്ഷ നടപ്പാക്കുന്നത് സർക്കാർ ഒരു തരത്തിലും വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കേജ്‌രിവാളും പ്രതികരിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർഭയ കേസ് വിഷയം സജീവമായിരിക്കുകയാണ്.