dileep-case


ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ലഭിക്കും വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതി നടൻ ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രോസിക്യൂഷൻ സാക്ഷികളെ ദിലീപിന്റെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുന്നത് ഒഴികെ മറ്റു വിചാരണ നടപടികളുമായി കോടതിക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷം ദിലീപിന് സാക്ഷികളെ ക്രോസ് വിസ്താരം നടത്താം. മറ്റ് പ്രതികൾക്ക് ഈ ഇളവില്ല. അടിയന്തരമായി ദൃശ്യങ്ങളുടെ പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കാൻ ചണ്ഡിഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിനോട് കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് നൽകാൻ 45 ദിവസത്തെ സമയം വേണമെന്നായിരുന്നു ലാബ് അധികൃതർ അറിയിച്ചത്.


മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ലാബ് റിപ്പോർട്ട് ലഭിക്കും വരെ വിചാരണ നിറുത്തണം. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്ക് റിപ്പോർട്ട് ആവശ്യമാണെന്നും ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പട്ടു. എന്നാൽ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഹർജിയെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു.

ജനുവരി 30ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് സ്റ്റേ ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയിലെത്തിയത്.

കോടതി പറഞ്ഞത്

 ലാബ് റിപ്പോർട്ട് പ്രതിക്ക് ഉപയോഗിക്കാവുന്ന വിദഗ്ദ്ധാഭിപ്രായം മാത്രം

 വിചാരണ നിറുത്തിവയ്‌ക്കേണ്ട സാഹചര്യം അതിനാൽ ഇല്ല

 ക്രോസ് വിസ്താരത്തിൽ ഇളവ് പ്രതിയുടെ ആശങ്ക പരിഗണിച്ച്