delhi-police

ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയിക്കുന്നയാളെ ദേശസുരക്ഷാ നിയമപ്രകാരം (എൻ.എസ്.എ) വിചാരണകൂടാതെ തടവിൽവയ്ക്കാൻ ഡൽഹി പൊലീസിന് കേന്ദ്രസർക്കാർ വീണ്ടും അധികാരം നൽകി. ജനുവരി 19 മുതൽ ഏപ്രിൽ 18വരെയാണ് എൻ.എസ്.എ പ്രയോഗിക്കാൻ ഡൽഹി പൊലീസ് കമ്മിഷണർക്ക് അനുമതി നൽകി ലെഫ്.ഗവർണർ അനിൽബൈജാൽ വിജ്ഞാപനമിറക്കിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിലടക്കം പ്രതിഷേധം തുടരുന്നതിനിടെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെയുമുള്ള നടപടി വിവാദമായി. എന്നാൽ ഇത് പതിവ് നടപടിക്രമമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലായിലും ഒക്ടോബറിലും സമാന ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞദിവസം ആന്ധ്രപ്രദേശിൽ ദേശസുരക്ഷാ നിയമം പ്രയോഗിക്കാൻ അധികാരം നൽകി ജഗൻമോഹൻ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.സർക്കാരുകൾക്ക് എക്‌സ്ട്രാ ജുഡിഷ്യൽ അധികാരം നൽകുന്നുവെന്നതാണ് നിയമത്തിനെതിരായ വിമർശനം.


സാധാരണഗതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ

- അറസ്റ്റിന്റെ കാരണം അറിയിക്കണം

- ജാമ്യം നേടാം

- 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം.


ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായാൽ

- ഒരു വർഷംവരെ കുറ്റംചുമത്താതെ തടവിലിടാം.

-കാരണം വ്യക്തമാക്കാതെ 5 മുതൽ 10 ദിവസം തടവിലിടാം.

- അറസ്റ്റ് വിവരം വെളിപ്പെടുത്താതിരിക്കാം

-സർക്കാർ രൂപീകരിക്കുന്ന ഉപദേശകസമിതി മുൻപാകെ അപ്പീൽ നൽകാമെങ്കിലും അഭിഭാഷകന്റെ സഹായം ലഭിക്കില്ല


വിവാദങ്ങൾ ഇങ്ങനെ

............................

-2018ൽ മണിപ്പൂരിലെ ബി.ജെ.പി മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മാദ്ധ്യമപ്രവർത്തകനെ തടവിലിട്ടു

- 2019 ജനുവരിയിൽ യു.പിയിലെ ബുലന്ദ്‌ഷെഹറിൽ മൂന്നുപേരെ ഗോവധം ആരോപിച്ച് ദേശസുരക്ഷാ നിയമപ്രകാരം ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്തു
- 2019 ഫെബ്രുവരി ഗോവധം ആരോപിച്ച് മൂന്നുപേരെ മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്തു