വിവരശേഖരണത്തിന് ഒരു രേഖയും കാണിക്കേണ്ട
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ (എൻ.പി.ആർ) മാതാപിതാക്കളുടെ ജന്മസ്ഥലം രേഖപ്പെടുത്തുന്നത് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എൻ.പി.ആർ ഫോമിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതില്ല. നൽകാൻ തയാറുള്ള വിവരങ്ങൾ മാത്രം നൽകിയാൽ മതി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന സെൻസസ് കമ്മിഷണർമാരുടെ യോഗത്തിലാണ് രജിസ്ട്രാർ ജനറലും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ഇക്കാര്യം അറിയിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
എൻ.പി.ആർ, സെൻസസ് വിവര ശേഖരണ സമയത്ത് ഒരു രേഖയും കാണിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻറെഡ്ഡി പറഞ്ഞു. നൽകാൻ താത്പര്യമുള്ള വിവരങ്ങൾ മാത്രം നൽകിയാൽ മതി. എൻ.പി.ആറും എൻ.ആർ.സിയും തമ്മിൽ ബന്ധിപ്പിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എൻ.പി.ആർ വിവരശേഖരണ അപേക്ഷയിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും ജന്മസ്ഥലം എന്ന കോളം ഒഴിവാക്കണമെന്ന് രാജസ്ഥാൻ ഉൾപ്പെടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു.
അച്ഛന്റെയും അമ്മയുടെ ജന്മസ്ഥലം രേഖപ്പെടുത്തുന്നത് പ്രായോഗികമല്ല. ജന്മസ്ഥലം അറിയാത്ത ഒരുപാടു പേരുണ്ട്. ഈ കോളത്തിന്റെ ആവശ്യം എന്താണെന്നും സംസ്ഥാനങ്ങൾ ചോദിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും സംസ്ഥാന ചീഫ്സെക്രട്ടറിമാരും സെൻസസ് ഡയറക്ടർമാരും പങ്കെടുത്തു.
പശ്ചിമബംഗാൾ യോഗത്തിൽ നിന്നുവിട്ടുനിന്നു.
ഏപ്രിൽ ഒന്നുമുതൽ സെപ്തബർ 30 വരെയാണ് സെൻസസ്, എൻ.പി.ആർ വിവരശേഖരണം നടക്കുക.