ന്യൂഡൽഹി:രാജീവ് ഗാന്ധിയുടെ കൊലയാളികൾക്ക് മാപ്പ് നൽകിയ സോണിയാഗാന്ധിയെ മാതൃകയാക്കി നിർഭയ കേസിലെ പ്രതികളോട് ക്ഷമിക്കണമെന്ന് പറഞ്ഞ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിനെതിരെ നിർഭയയുടെ അമ്മ ആശാദേവി പൊട്ടിത്തെറിച്ചു.
തന്നോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ ഇന്ദിരാ ജയ്സിംഗ് ആരാണെന്ന് ആശാദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റാൻ രാജ്യം മുഴുവൻ ആവശ്യപ്പെടുമ്പോൾ ഇവർ എന്താണ് ഇങ്ങനെ പറയുന്നത്. പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ഈ രാജ്യത്ത് നീതി ലഭിക്കാത്തത് ഇത്തരം അഭിഭാഷകരുള്ളതുകൊണ്ടാണ്. ഇത്തരക്കാർ പീഡനകേസ് പ്രതികളെ പിന്തുണച്ചാണ് ഉപജീവനം നടത്തുന്നത്. അവരുടെ ഉപദേശം എനിക്ക് വേണ്ട. അവർ സ്ത്രീകൾക്ക് അപമാനമാണ് - ആശാദേവി പറഞ്ഞു.
ആശാദേവിയുടെ വേദന പൂർണമായും മനസിലാക്കുന്നു. എന്നാൽ വധശിക്ഷയ്ക്ക് താൻ എതിരാണെന്നു ഇന്ദിരാ ജയ്സിംഗ് ട്വീറ്റ് ചെയ്തു.
സോണിയാഗാന്ധിയുടെ അത്രയും വിശാല ഹൃദയം തങ്ങൾക്കില്ലെന്ന് നിർഭയയുടെ പിതാവും പറഞ്ഞു. തന്റെ മകളെ ഇല്ലാതാക്കിയ പ്രതികൾക്ക് മാപ്പ് നൽകണമെന്ന് പറഞ്ഞ ഇന്ദിരാജയ് സിംഗ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അതേസമയം കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും വധശിക്ഷ ഇളവ് ചെയ്യണമെന്നുമാണ് ആവശ്യം.