അരവിന്ദ് കേജ്രിവാൾ ആളാകെ മാറി. നിരന്തരം തെരുവിലിറങ്ങി കലഹിച്ചിരുന്ന വിമതൻ ഇമേജ് ഒപ്പമില്ല. സൗമ്യനും വിനീതനും. വീണ്ടും അധികാരമേറാനുള്ള വീണ്ടുവിചാരം. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും സ്ത്രീകളോടും കുട്ടികളോടും മുതിർന്നവരോടുംതാഴെ തട്ടിലുള്ളവരോടും നിറഞ്ഞപുഞ്ചിരിയോടെ ഇടപെട്ടും സംസാരിച്ചും കേജ്രിവാൾ സജീവമായി കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തൂത്തെറിയപ്പെടലിന് ശേഷമാണ് തന്ത്രപരമായ ഈ മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകർ. 2015 ൽ 70ൽ 67 സീറ്റുമായി അധികാരമേറിയ ആപ്പിന് 2019ലെ ഏഴ് ലോക്സഭാ സീറ്റിൽ ഒന്നുപോലും കിട്ടിയില്ല. അഞ്ച് സീറ്റുകളിൽ കോൺഗ്രസിന് പിന്നിൽ മൂന്നാംസ്ഥാനം. 2017ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പും ബി.ജെ.പി കൊണ്ടുപോയി. മറ്റുസംസ്ഥാനങ്ങളിലും വേരുറപ്പിക്കാനായില്ല. കേന്ദ്രസർക്കാരിനെതിരെയും മോദിക്കെതിരെയും നിരന്തരം കലഹിച്ചും ലെഫ്.ഗവർണർക്കെതിരെ വസതിയിൽ കുത്തിയിരുന്നും തെരുവിലിറങ്ങിയും, സമ്പൂർണ സംസ്ഥാനപദവിക്കായി പോരടിച്ചും അധികാരത്തിലുള്ള ആദ്യവർഷങ്ങളിൽ 'വിമതൻ കേജ്രിവാൾ" നിറഞ്ഞുനിന്നു. മോദി വിരുദ്ധ പ്രതിപക്ഷ നീക്കങ്ങളിൽ ദേശീയ മുഖങ്ങളിലൊന്നായി മാറി. പക്ഷേ, അഴിമതിവിരുദ്ധ പ്രതിഷേധങ്ങളെ തെരുവിൽ നയിച്ച കേജ്രിവാളിൽ നിന്നും മുഖ്യമന്ത്രിയെന്ന നിലയിൽ ജനങ്ങളും പ്രവർത്തകരും അതല്ല പ്രതീക്ഷിച്ചിരുന്നത്.
വിമതനെ തന്ത്രശാലിയാക്കി
അതിതീവ്ര ദേശീയവാദ പ്രചാരണത്തിൽ മുങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി തെരുവിലെ വിമതനെ തന്ത്രശാലിയായ വിനീതനാക്കി മാറ്റി. ബി.ജെ.പിയുടെ ദേശീയ വാദ കെണിയിൽ പെടാനും അനാവശ്യ വിവാദങ്ങളിൽ തലവയ്ക്കാനും ഒരു വർഷമായി കേജ്രിവാൾ മെനക്കെട്ടില്ല. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ അഭിനന്ദിച്ച് ആദ്യമെത്തി കേജ്രിവാൾ അമ്പരപ്പിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം വേണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്തു. വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ദേശീയ തലസ്ഥാനത്തിറങ്ങിയപ്പോൾ മുൻപത്തെപോലെ നേതൃനിരയിൽ കേജ്രിവാളില്ലായിരുന്നു. പാർലമെന്റിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ വോട്ടുചെയ്ത ആംആദ്മി പാർട്ടി ബി.ജെ.പി ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പുതിയ നിയമം മുസ്ലിങ്ങൾക്ക് മാത്രമല്ല രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുമെന്ന നിലപാടും വ്യക്തമാക്കി പരസ്യപ്രതിഷേധങ്ങളിൽ നിന്ന് മാറിനിന്നു.
ഡൽഹിയിൽ കേജ്രിവാൾ
രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കാതെ ആംആദ്മി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് മാത്രമാണ് കേജ്രിവാളും ആപ്പും ഇപ്പോൾ സംസാരിക്കുന്നത്. ഡൽഹിയിൽ കേജ്രിവാൾ , നല്ല അഞ്ചുവർഷങ്ങൾ- കേജ്രിവാൾ തുടരട്ടെ എന്നീ മുദ്രവാക്യങ്ങളാണ് ഉയർത്തുന്നത്. 20000 ലിറ്റർ വെള്ളവും 200 യൂണിറ്റ് വൈദ്യുതിയും സൗജന്യമാക്കിയതുൾപ്പെടെ ജനക്ഷേമപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വീടുവീടാന്തരം കയറിയുള്ള പ്രചാരണം. സാമ്പത്തിക മാന്ദ്യകാലത്ത് ജനങ്ങൾക്ക് ഇത്രയധികം ആശ്വാസകരമായ പദ്ധതികൾ മറ്റൊരിടത്തും കാണാനാകില്ലെന്നാണ് ആംആദ്മി പറയുന്നത്. ആദ്യഘട്ടത്തിൽ 30 ലക്ഷത്തിലധികം വീടുകളിലേക്ക് അഞ്ചുവർഷത്തെ റിപ്പോർട്ടുകാർഡുമായി പ്രവർത്തകർ എത്തിക്കഴിഞ്ഞു. പ്രകടന പത്രികയുമായി അടുത്ത ഘട്ടത്തിന് ഒരുങ്ങുകയാണ് പാർട്ടി. 1.3 ലക്ഷം സന്നദ്ധ പ്രവർത്തകരാണ് ആപ്പിന്റെ പ്രചാരണവുമായി വോട്ടർമാരിലേക്കെത്തുന്നത്. ഓരോ ബൂത്തിലും പ്രചാരണത്തിനായി 50 പ്രവർത്തകർ. വെള്ളം, വൈദ്യുതി സൗജന്യം തങ്ങളും നടപ്പാക്കുമെന്ന് പ്രതിപക്ഷത്തെക്കൊണ്ട് പറയുന്നിടത്തേക്ക് പ്രചാരണരംഗത്തെ മാറ്റാനും ആപ്പിന് കഴിഞ്ഞു.
കേജ്രിവാൾ തന്നെ മുഖം
കേജ്രിവാളിന്റെ ജനകീയമുഖത്തിന് പകരമായി ബി.ജെ.പിക്കും കോൺഗ്രസിനും മറ്റൊരാളെ ഉയർത്തിക്കാട്ടാനാകുന്നില്ലെന്നതും വസ്തുതയാണ്. മദ്ധ്യവർഗം, തൊഴിലാളികൾ, കുടിയേറിയവർ, അനധികൃത കോളനികളിലുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ കേജ്രിവാളിന് ഇപ്പോഴും ഉറച്ചസ്വീകാര്യതയുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി എം.പിയെയും വിജയ്ഗോയൽ എം.പിയെയുമാണ് ബി.ജെ.പി മുന്നിൽവയ്ക്കുന്നത്. മോദിയാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ മുഖം. ഷീല ദീക്ഷിത് എന്ന വൻമരത്തിന്റെ അഭാവം കോൺഗ്രസ് ക്യാമ്പിൽ പ്രകടം.
സ്ത്രീ സൗഹൃദം, സുരക്ഷ
ഡൽഹിയിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം. ബസുകളിൽ സ്ത്രീ സുരക്ഷക്കായി പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥർ. ബസുകളിൽ സി.സി ടി.വി കാമറകൾ. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ വിധത്തിലുള്ള ലോഫ്ളോർ ബസുകൾ പുറത്തിറക്കാനും പദ്ധതി. ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് യാത്രാ സൗജന്യവും പരിഗണനയിൽ. പൊതുസ്ഥലങ്ങളിൽ സിസി. ടി.വി സ്ഥാപിച്ചു
സൗജന്യ വൈദ്യുതി , വെള്ളം
മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം. 201 മുതൽ 400 വരെ യൂണിറ്റിന് സബ്സിഡി. ആദ്യം സ്വന്തമായി വീടുള്ളവർക്കാണ് ഈ ആനുകൂല്യം നൽകിയിരുന്നതെങ്കിൽ പിന്നീട് വാടകയ്ക്ക് താമസിക്കുന്നവരെക്കൂടി ഉൾപ്പെടുത്തി. 15 ലക്ഷത്തോളം കുടുംബങ്ങൾക്ക് നേട്ടം.
കമ്പനികൾക്ക് ഉപയോക്താക്കളുടെ ബിൽ തുക സർക്കാർ നൽകും. നേരത്ത 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് മാസം 800 രൂപ നൽകേണ്ടതുണ്ടായിരുന്നു.
20000 ലിറ്റർ വെള്ളവും സൗജന്യം.
നിലവാരം ഉയർന്ന് പൊതുവിദ്യാഭ്യാസം
ബഡ്ജറ്റിന്റെ 26 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക്. 30 സ്കൂളുകളിലായി 8,000 പുതിയ ക്ലാസ് റൂമുകൾ. പ്രധാനാദ്ധ്യാപകരിലും അദ്ധ്യാപകരിലും ചിലർക്ക് കോംബ്രിഡ്ജ് സർവകലാശാലയിൽ 12 ദിവസത്തെ പരിശീലനം.ട്രാവൽ ആൻഡ് ടൂറിസം, ഐ.ടി, ഫിനാൻഷ്യൽമാർക്കറ്റ്, മാനേജ്മെന്റ്സുരക്ഷ തുടങ്ങിയ പുതിയ കോഴ്സുകൾ. അദ്ധ്യാപകരും രക്ഷാകർത്താക്കളുമടങ്ങിയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളുടെ സ്കോളർഷിപ്പ് വർദ്ധിപ്പിച്ചു. സന്തോഷം, സംരംഭകത്വം മനോഭാവം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കി. സ്കൂളുകളിൽ സിസി. ടി.വി കാമറകൾ. പ്രവേശനത്തിന് മാനേജ്മെന്റ് ക്വാട്ട ഒഴിവാക്കി. പഠനം പാതിവഴിയിൽ നിറുത്തുന്നത് ഒഴിവാക്കാൻ പ്രത്യേക പദ്ധതി.
ഉണർന്ന് ആരോഗ്യ മേഖല
സാധാരണക്കാർക്കും ആരോഗ്യ സംവിധാനങ്ങൾ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രദേശങ്ങളിലായി 301 മൊഹല്ല ക്ലിനിക്കുകൾ
(പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ). 30 ക്ലിനിക്കുകൾ രണ്ട് ഷിഫ്റ്റുകളായി വൈകിട്ട് ഏഴുവരെ പ്രവർത്തിക്കുന്നു.
സൗജന്യ പരിശോധന. മരുന്നുകൾ.തിരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികളിലൂടെ 212 ടെസ്റ്റുകൾക്ക് സംവിധാനം. ആയിരം മൊഹല്ല ക്ലിനിക്കുകൾ ഒരുക്കുകയെന്നത് ലക്ഷ്യം സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തി. വിജയമായി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ.