congress-sabarimala-women

ന്യൂഡൽഹി: ആംആദ്മി പാർട്ടി വിട്ട എം.എൽ.എമാരായ ആദർശ് ശാസ്ത്രി, അൽക ലാംബ എന്നിവർ ഉൾപ്പെടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 54 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആംആദ്മി വിട്ട ദ്വാരക എം.എൽ.എയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ കൊച്ചുമകനുമായ ആദർശ് ശാസ്ത്രി ഇന്നലെയാണ് കോൺഗ്രസിൽ ചേർന്നത്. ദ്വാരകയിൽ നിന്നുതന്നെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. മുൻ കോൺഗ്രസ് നേതാവ് വിനയ് മിശ്രയെ ഇവിടെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ആദർശ് ശാസ്ത്രി ആപ്പ് വിട്ടത്.
കേജ്‌രിവാളുമായി തെറ്റിപ്പിരിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ആംആദ്മി വിട്ട് കോൺഗ്രസിലെത്തിയ അൽക്കാ ലാംബ എം.എൽ.എ സിറ്റിംഗ് സീറ്റായ ചാന്ദ്നി ചൗക്കിൽ നിന്നു തന്നെ ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാക്കളായ അർവിന്ദർ സിങ് ലൗവ്‌വി, ഹാറൂൺ യൂസഫ്, കൃഷ്ണാ തീരത്ത്, രാജേഷ് ലിലോത്തിയ തുടങ്ങിയവരും മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി ഉൾപ്പെടെ 15 സീറ്റുകളിൽ പിന്നീട് പ്രഖ്യാപിക്കും.