ആഹാരമാണ് നമുക്ക് വലുത്. ലഭിക്കുന്നത് നാം കഴിക്കുന്നു. എന്നാൽ നമുക്ക് ആവശ്യമുള്ളതല്ല ലഭിക്കുന്നത്. നാം കഴിക്കുന്നത് നമ്മുടെ ആഹാര സംവിധാനം നൽകുന്നതു മാത്രം.
മരണകാരണമാകുന്നതും അസുഖങ്ങൾ നൽകുന്നതും പോഷക്കുറവും അമിതവണ്ണവും സമ്മാനിക്കുന്നതുമായ അനാരോഗ്യകരമായ ആഹാരരീതിയാണ് ലോകമെങ്ങും അവലംബിക്കുന്നത്. ഏവർക്കും സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരമുറപ്പാക്കാൻ ലോകത്ത് ഭക്ഷണരീതിയിൽ മാറ്റം വരേണ്ടതുണ്ട്.
കൃഷി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, വ്യവസായം, വാണിജ്യം, പൊതുജനാരോഗ്യം, പരിസ്ഥിതി എന്നിവയ്ക്കിടയിലാണ് ഭക്ഷണ സംവിധാനത്തിന്റെ സ്ഥാനം. ഭക്ഷണ രീതികളിൽ മാറ്റം വരുത്താൻ പരമ്പരാഗത രീതികൾ പരിഷ്‌കരിക്കണം. ഇതിന് പൊതുസ്വകാര്യ മേഖലയുടെ സഹായവും പങ്കാളിത്തവും ആവശ്യമാണ്. ഇതാണ് നമ്മുടെ നേതാക്കൾ നേരിടുന്ന വലിയ വെല്ലുവിളിയും.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പ്രധാനമാണ് ഭക്ഷണ സംവിധാനം. ഇതു മനസിലാക്കി ഐക്യരാഷ്ട്രസഭ ദശകത്തിൽ നടപ്പാക്കേണ്ട നടപടിയെന്ന നിലയിൽ 2021ൽ ഭക്ഷണ സംവിധാന ഉച്ചകോടി സംഘടിപ്പിക്കുകയാണ്.
ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാർഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഫ്. എസ്.എസ്.എ.ഐ) നേതൃത്വത്തിൽ 'ഇന്ത്യ നന്നായി ഭക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്തിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
എഫ്. എസ്.എസ്.എ.ഐ യുടെ പ്രവർത്തനം മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് : ഭക്ഷ്യ സുരക്ഷ(സുരക്ഷിതമല്ലാത്തത് ഭക്ഷണമല്ല), ആരോഗ്യം,(ഭക്ഷണം വിളമ്പുന്ന പ്‌ളേറ്റിനൊപ്പം ശരീരത്തെയും മനസിനെയും കൂടി സമ്പന്നമാക്കണം), സുസ്ഥിരത(ജനങ്ങൾക്കും ഭൂമിക്കും നന്മ നൽകുന്നതാകണം ഭക്ഷണം).
സുരക്ഷയ്ക്കു കീഴിൽ വ്യക്തികളുടെയും ചുറ്റുപാടിന്റെയും വൃത്തി, ഭക്ഷണ വിതരണ സമ്പ്രദായത്തിൽ വൃത്തിയും വെടിപ്പും ഉറപ്പാക്കൽ, മായം തടയൽ, ഭക്ഷണത്തിൽ മാലിന്യങ്ങളും വിഷപദാർത്ഥങ്ങളും കുറയ്‌ക്കൽ, ഭക്ഷ്യസംസ്‌കരണ, ഉത്‌പാദന ഘട്ടങ്ങളിൽ അപകടങ്ങൾ കുറയ്ക്കൽ എന്നിവ വരും.
ആരോഗ്യത്തിന് കീഴിൽ ഭക്ഷണത്തിലെ വൈവിദ്ധ്യം, സന്തുലിതമായ ഭക്ഷണം, കുറഞ്ഞ അളവിൽ സമയത്ത് കഴിക്കൽ, ഭക്ഷണത്തിൽ ട്രാൻസ് കൊഴുപ്പ് ഒഴിവാക്കൽ, ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ കുറയ്‌ക്കൽ, പോഷകക്കുറവ് പരിഹരിക്കൽ തുടങ്ങിയവയും സുസ്ഥിര ഭക്ഷണ പ്രവർത്തനങ്ങളിൽ പ്രാദേശികവും ഓരോ സമയത്ത് ലഭിക്കുന്ന ഭക്ഷണം, ഭക്ഷണം പാഴാകുന്നതും നഷ്ടപ്പെടുന്നതും കുറയ്ക്കൽ, ഭക്ഷണ ശൃംഖലയിൽ ജലസംരക്ഷണം, ഭക്ഷണ ഉത്‌പാദനത്തിലും സംസ്‌കരണ ഘട്ടത്തിലും രാസവസ്തുക്കൽ കുറയ്ക്കൽ, സുരക്ഷിതവും സുസ്ഥിരവുമായ പാക്കേജിംഗ് എന്നിവയും ഉൾപ്പെടുന്നു.
ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത് സർക്കാർ പദ്ധതികളിലൂടെ മാർക്കറ്റിൽ ലഭ്യമായ ഭക്ഷണത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കുക, ഇതിനായി ഭക്ഷണം സുരക്ഷിതവും ഗുണമുള്ളതുമാക്കുക, ഭക്ഷണ ഉത്പാദന മേഖലയിൽ മികച്ച നിലവാരം ഉണ്ടാകാൻ സ്വയം മനസിലാക്കിയുള്ള പ്രവർത്തന സംസ്‌കാരം ഉറപ്പാക്കുക, ജനങ്ങളെയും ഭൂമിയെയും രക്ഷിക്കുന്ന തരത്തിലുള്ള ആരോഗ്യം പ്രധാനം ചെയ്യുന്നതും സുരക്ഷിതവുമായ ഭക്ഷണത്തിന് പ്രചാരം നൽകുക എന്നിവയാണ്.
തെരുവോര ഭക്ഷണ കേന്ദ്രങ്ങൾ, പഴം, പച്ചക്കറി വില്‌പന എന്നിവിടങ്ങളിൽ വൃത്തി ഉറപ്പാക്കൽ, ഹൽവാ കടകൾ, ഇറച്ചി വ്യാപാരം തുടങ്ങിയ കേന്ദ്രങ്ങളിൽ വൃത്തിസംബന്ധിച്ച റേറ്റിംഗ് നൽകൽ, മതചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കൽ എന്നിവയും പ്രവർത്തനത്തിന്റെ ഭാഗമാണ്. ജനങ്ങൾക്ക് ആവശ്യമായ നല്ല ഭക്ഷണ പരിസ്ഥിതി ഉറപ്പാക്കാൻ വീടുകളും സ്‌കൂളുകളും കാമ്പസുകളും കേന്ദ്രീകരിച്ചും 'ഇന്ത്യ നന്നായി ഭക്ഷിക്കുക' ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നു.
ഭക്ഷണം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച സ്വഭാവങ്ങളിൽ മാറ്റം വരുത്താൻ കായികതാരങ്ങൾ, ചലച്ചിത്ര താരങ്ങൾ എന്നിവരെ വച്ചുള്ള പ്രചാരണങ്ങളും നടത്തുന്നു. പത്ര, ദൃശ്യ, ശ്രവണ മാദ്ധ്യമങ്ങൾ വഴി നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. 'ഇന്ത്യ നന്നായി ഭക്ഷിക്കുക' പദ്ധതിയ്ക്കായി രാജ്യവ്യാപകമായ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
അതോറിട്ടിയുടെ പ്രവർത്തനം പ്രായ, ലിംഗ, മത, സാമൂഹിക, സാമ്പത്തിക ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളെയും ലക്ഷ്യമിടുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും കോർത്തിണക്കുന്നു. ഉപഭോക്താക്കൾ, ഭക്ഷ്യ മേഖലയിലെ ബിസിനസുകൾ, സാമൂഹ്യ സംഘടനകൾ, വിദഗ്ദർ, പ്രൊഫഷണലുകൾ, സർക്കാർ സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കിയാണ് പ്രവർത്തനം. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത്, സ്വച്ഛഭാരത് അഭിയാൻ, പോഷൻ അഭിയാൻ, ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ് എന്നിവയെയും ആരോഗ്യ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. മെഡിക്കൽ ഡോക്ടർമാർ, പാചകവിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരുടെയും സംസ്ഥാന ഭക്ഷ്യവകുപ്പുകളുടെ സഹകരണവും ഉറപ്പാക്കുന്നു.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കാതെ പരിഷ്‌കാരങ്ങളിലൂടെ സാദ്ധ്യമാക്കിയെടുക്കുകയാണ് എഫ്. എസ്.എസ്.എ.ഐ. ഇന്ത്യയെപ്പോലെ വലിയ വെല്ലുവിളികളും സങ്കീർണതകളും ഭക്ഷണ വൈവിധ്യവും വലിയ അസംഘടിത വിഭാഗങ്ങളുമുള്ള ഒരു വികസ്വര സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ സമീപനം അനിവാര്യമാണ്. അതിനാൽ ഇന്ത്യ ശരിയായി ഭക്ഷിക്കൽ പ്രവർത്തനം ഐക്യരാഷ്ട്രസഭയുടെ 2021 ഭക്ഷണ സംവിധാന ഉച്ചകോടിക്കു മുന്നോടിയായുള്ള മികച്ച മാതൃകയാകും.
(ലേഖകൻ എഫ്. എസ്.എസ്.ഐ സി.ഇ.ഒയും കേന്ദ്ര സർക്കാർ സെക്രട്ടറിയുമാണ്)