വാദ്രയ്ക്കെതിരെ കുരുക്ക് മുറുകുന്നു
ന്യൂഡൽഹി:കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയർമാനുമായ സി.സി. തമ്പിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തി വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലായിരുന്നു അറസ്റ്റ്. കേസിൽ 2019 ഏപ്രിലിൽ ഇ.ഡി തമ്പിയെ ചോദ്യം ചെയ്തിരുന്നു. വാദ്റയുമായി അടുത്ത ബന്ധം തമ്പിക്കുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. യു.പി.എ ഭരണകാലത്ത് ബിനാമി പേരിൽ ലണ്ടനിലെ 12 ബ്രയാൻസ്റ്റൺ സ്‌ക്വയറിലെ വീട് ഉൾപ്പെടെ വിദേശത്ത് അനധികൃതമായി വിവിധ സ്വത്തുക്കൾ വാദ്ര വാങ്ങിയെന്നാണ് ആരോപണം. കേസിൽ തമ്പിയെ അറസ്റ്റ് ചെയ്തതോടെ വാദ്രയ്ക്കെതിരെ കുരുക്ക് മുറുകുകയാണ്.
കുടുക്കിയത് മൊഴിയിലെ
വൈരുദ്ധ്യങ്ങൾ
വിദേശത്തെ അനധികൃത സ്വത്ത് കേസിൽ റോബർട്ട് വാദ്രയെയും സി.സി തമ്പിയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് തമ്പിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. രണ്ട് പ്രധാന ചോദ്യങ്ങളിലായിരുന്നു പരസ്പരവിരുദ്ധ മറുപടികൾ.
1. സി.സി തമ്പിയെ അറിയുമോ?
വാദ്ര - എമിറേറ്റ്‌സ് വിമാനത്തിൽ വച്ച് കണ്ടിരുന്നു
തമ്പി - സോണിയാഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വഴി കണ്ടിരുന്നു
2. ലണ്ടനിലെ 12 ബ്രയാൻസ്റ്റൺ സ്‌ക്വയറിലെ വീട്ടിൽ താമസിച്ചിരുന്നോ?
വാദ്ര - ഇല്ല
തമ്പി - വാദ്ര താമസിച്ചിട്ടുണ്ട്
1000 കോടിയുടെ
ക്രമക്കേടിലും അന്വേഷണം
വിദേശനാണയ വിനിമയ ചട്ടങ്ങളുടെ ലംഘനത്തിനും തമ്പിക്കെതിരെ ഇ.ഡി അന്വേഷണമുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ സ്വത്തുക്കൾ വാങ്ങിയതിൽ 1000 കോടിയുടെ ഫെമ നിയമലംഘനത്തിന് തമ്പിക്ക് നോട്ടീസ് നൽകിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. തമ്പിയുടെ ഹോളിഡേ സിറ്റി സെന്റർ, ഹോളിഡേ പ്രോപ്പർട്ടീസ്, ഹോളിഡേ ബേക്കൽ റിസോർട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അന്വേഷണ പരിധിയിലുണ്ട്.