ന്യൂഡൽഹി: ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്ത് രാവിലെ 10ഒാടെ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എതിരില്ലാതെയാണ് ജെ.പി നദ്ദ വർക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.നദ്ദ മാത്രമാണ് പത്രിക സമർപ്പിച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ, പാർലമെന്ററി ബോർഡിലെ മറ്റ് അംഗങ്ങളായ നിതിൻ ഗഡ്കരി,രാജ്നാഥ് സിംഗ് എന്നിവർ പേര് നിർദ്ദേശിച്ചു. സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന സമയവും കഴിഞ്ഞശേഷം, ഉച്ചയ്ക്ക് 2.30 ഓടെ വരണാധികാരി മുൻ കൃഷിമന്ത്രി രാധാമോഹൻ സിംഗ് നദ്ദയെ വർക്കിംഗ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അമിത് ഷാ അദ്ദേഹത്തെ ദേശീയ അദ്ധ്യക്ഷന്റെ കസേരയിലേക്ക് ആനയിച്ചു. മുതിർന്ന നേതാക്കളുടെ ആശീർവാദം തേടിയശേഷം നദ്ദ ചുമതല ഏറ്റെടുത്തു. പാർട്ടി അദ്ധ്യക്ഷനെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങി മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളുമെത്തി. കേരളത്തിൽ നിന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി കൂടിയായ വി. മുരളീധരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാൽ എം.എൽ.എ, എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം.ഗണേശൻ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു. നിരവധി പ്രവർത്തകരും ആസ്ഥാനത്ത് തടിച്ചുകൂടി.
ജെ.പി നദ്ദ