nirbhaya-case-

ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ ഇളവ് തേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൻ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുൻപ് പരിഗണിച്ചിരുന്നെന്നും വിശദമായി പരിശോധിച്ച് ഹർജി തള്ളിയതാണെന്നും വ്യക്തമാക്കി.

സ്‌കൂൾ രേഖ പ്രകാരം ജനന തീയതി 1996 ഒക്ടോബർ 8നാണെന്ന് പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി. സിംഗ് വാദിച്ചു. കീഴ്ക്കോടതികൾ ഇത് പരിഗണിച്ചില്ല.
രേഖകൾ എല്ലാ പരിശോധിച്ചതാണെന്നും പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ഡൽഹി സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതോടെ പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ്, പവൻ ഗുപ്ത, അക്ഷയ്കുമാർ സിംഗ് എന്നിവരുടെ വധശിക്ഷ തിഹാർ ജയിലിൽ ഫെബ്രുവരി 1ന് രാവിലെ 6ന് നടപ്പാക്കാൻ പാട്യാല അഡിഷണൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പവൻ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതി എ.പി. സിംഗിന് 25,000 രൂപ പിഴയും വിധിച്ചിരുന്നു. വ്യാജരേഖ ഹാജരാക്കിയതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം സിംഗിന് ബാർ കൗൺസിൽ നോട്ടിസ് അയച്ചിട്ടുണ്ട്.
അതേസമയം പ്രതികൾക്ക് കോടതിയിൽ സമർപ്പിക്കാവുന്ന ഹർജിയുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് നിർഭയയുടെ പിതാവ് ആവശ്യപ്പെട്ടു. പവൻ ഗുപ്തയുടെ ഹർജി മൂന്നുതവണ കീഴ്ക്കോടതിയും പിന്നീട് ഹൈക്കോടതിയും ഇപ്പോൾ സുപ്രീം കോടതിയും കേട്ടതാണ്. അപ്പീലുകൾക്ക് സമയപരിധി നിശ്ചയിക്കണം. വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നത് തടയാനും നീതി നടപ്പാക്കാനും ഇത് സഹായിക്കുമന്നും പിതാവ് ചൂണ്ടിക്കാട്ടി.