muzaffarpur-case

ന്യൂഡൽഹി: ബീഹാറിലെ മുസാഫർപുർ ഷെൽട്ടർഹോം പീഡന കേസിൽ മുൻ എം.എൽ.എ അടക്കം 18 പേർ കുറ്റക്കാരെന്ന് കോടതി. ഷെൽട്ടർ ഹോമിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ബീഹാർ പീപ്പിൾസ് പാർട്ടി മുൻ എം.എൽ.എ ബ്രജേഷ് താക്കൂർ ഉൾപ്പടെയുള്ളവരെ ഡൽഹി അഡിഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. കൂട്ടമാനഭംഗം ഉൾപ്പെടെയുള്ളവയ്ക്ക് പോക്സോ, ജുവൈനൽ ജസ്റ്റിസ്, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. ഒരു പ്രതിയെ വെറുതെ വിട്ടു.

ബ്രജേഷ് താക്കൂറിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 2018ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് (ടിസ്) നടത്തിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലാണ് പീഡനവിവരം പുറത്തുവന്നത്.

സ്ത്രീകളടക്കമുള്ള എൻ.ജി.ഒയുടെ ജീവനക്കാരും പ്രതികളാണ്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്. താക്കൂർ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു.