arvind-

ന്യൂഡൽഹി:ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ന്യുഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകാനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ക്യൂവിൽ കുടങ്ങിയത് ആറു മണിക്കൂർ. പത്രിക സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ജാംനഗർ സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് ഓഫീസിൽ കേജ്‌ര‌ിവാൾ എത്തിയത്.സ്വതന്ത്ര സ്ഥാനാർഥികൾ കൂട്ടത്തോടെയെത്തി ടോക്കൻ വാങ്ങിയതിനാൽ 45ാമത്തെ ടോക്കൺ ആണ് അദ്ദേഹത്തിന് ലഭിച്ചത്. ഒടുവിൽ വൈകിട്ട് ആറിന് ശേഷമാണ് പത്രിക സമർപ്പിക്കാനായത്.

ക്യൂവിൽ കുടുങ്ങിയതിനാൽ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പലതും കേജ്‌രിവാൾ റദ്ദാക്കി. തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റോഡ് ഷോ കാരണം വൈകിയതിനാൽ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
പത്രികാ സമർപ്പണം വൈകിപ്പിക്കാൻ ബി.ജെ.പി കളിച്ച കളിയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോ സ്ഥാനാർത്ഥിക്കും അനാവശ്യമായി നൽകി സമയം നീട്ടിക്കൊണ്ടുപോയെന്നും ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.


കേജ്‌രിവാളിനെതിരെ പുതുമുഖങ്ങൾ

ഡൽഹിയിൽ കേജ്‌രിവാളിന്റെ എതിർസ്ഥാനാർത്ഥികളായി പ്രമുഖർക്ക് പകരം പുതുമുഖങ്ങളെ പ്രഖ്യാപിച്ച് കോൺഗ്രസും ബി.ജെ.പിയും. യുവമോർച്ച ഡൽഹി അദ്ധ്യക്ഷൻ സുനിൽ യാദവാണ് ബി.ജെ.പി സ്ഥാനാർത്ഥി. യൂത്തുകോൺഗ്രസ് നേതാവ് റൊമേഷ് സഭർവാൾ ആണ് കോൺഗ്രസിന്റെ പടയാളി. കോൺഗ്രസിലെ കേജ്‌രിവാൾ ഏജൻറുമാർ തനിക്ക് സീറ്റ് നിഷേധിക്കുകയാണെന്നും തനിക്ക് നീതി വേണമന്നും രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ടാഗ് ചെയ്ത് റൊമേഷ് ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി പ്രഖ്യാപനം വന്നതോടെ ഈ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു.


മുഖ്യമന്ത്രി മുഖമില്ലാതെ പ്രതിപക്ഷം

ബി.ജെ.പിയും കോൺഗ്രസും അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ കൂടി ഇന്നലെ പ്രഖ്യാപിച്ചു. ജെ.ഡി.യുവിനും എൽ.ജെ.പിക്കും മൂന്ന് സീറ്റുകളും ആർ.ജെ.ഡിക്ക് നാല് സീറ്റ് നൽകി. ബി.ജെ.പി 57സ്ഥാനാർത്ഥികളേയും , കോൺഗ്രസ് 54 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്. അതിനിടെ ട്രിനഗറിലെ സ്ഥാനാർത്ഥി മുൻമന്ത്രി ജിതേന്ദ്രർ സിംഗിന് പകരം അദ്ദേഹത്തിന്റെ ഭാര്യ പ്രീതി ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച തെറ്റായ വിവരം നൽകിയെന്ന് ചൂണ്ടിക്കാണിച്ച് ജിതേന്ദ്രറിന്റെ സ്ഥാനാർത്ഥിത്വം ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടർന്നാണ് തീരുമാനം.