supreme-court-

ന്യൂഡൽഹി: ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള നിയമസഭാ സ്പീക്കറുടെ ഏകപക്ഷീയമായ അധികാരം ഇല്ലാതാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത് പാർലമെന്റ് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. പണത്തിനും അധികാരത്തിനുമായി കൂറുമാറുന്ന എം.എൽ.എമാരുടെയും എം.പിമാരുടെയും വിധി തീരുമാനിക്കാൻ ഒരു സ്വതന്ത്ര ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.

മണിപ്പൂർ നിയമസഭാ സ്പീക്കർക്കെതിരെ കോൺഗ്രസ് എം.എൽ.എ നൽകിയ ഹർജിയിലാണ് വിധി.

സ്പീക്കർ ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്. സഭയിലെ അംഗമാണ്. അതിനാൽ അയോഗ്യത സംബന്ധിച്ച പരാതികളിൽ തീരുമാനമെടുക്കാൻ സഭയ്ക്ക് പുറത്തുള്ള സംവിധാനം വേണം. ജഡ്ജിമാരെ പുറത്താക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുന്നത് ജുഡിഷ്യറിയല്ല, പുറത്തുള്ള പാർലമെൻറാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗവും സഭയ്ക്ക് അകത്തുള്ള ആളുമായ സ്പീക്കർക്ക് പരമമായ അധികാരം എന്തിന് നൽകണമെന്നും കോടതി ചോദിച്ചു. സ്പീക്കറുടെ അധികാരം സംബന്ധിച്ച് പുനരാലോചന നടത്തേണ്ട സമയമാണിത്. വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയോ, മുൻ ഹൈക്കോടതി ചീഫ്ജസ്റ്റിസോ അദ്ധ്യക്ഷനായ സ്ഥിരം ട്രൈബ്യൂണൽ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

കർണാടക എം.എൽ.എമാരുടെ അയോഗ്യതാ കേസിലും സ്പീക്കറുടെ അധികാരം പുനഃപരിശോധിക്കണമന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

അയോഗ്യത: സ്പീക്കർ

മൂന്നുമാസത്തിനകം തീരുമാനിക്കണം

പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യതയിൽ ന്യായമായ സമയത്തിനുള്ളിൽ സ്പീക്കർ തീരുമാനമെടക്കണം. അസാധാരണ സാഹചര്യങ്ങളില്ലെങ്കിൽ അയോഗ്യത സംബന്ധിച്ച പരാതികളിൽ മൂന്നുമാസത്തിനുള്ളിൽ സ്പീക്കർ തീരുമാനമെടുക്കണം. ന്യായമായ സമയം അതത് കേസിന്റെ വസ്തുതകൾ അനുസരിച്ചായിരിക്കണമെന്നും കോടതി പറഞ്ഞു.