supreme-court

ന്യൂഡൽഹി: വിവാദ പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം മെരിറ്റിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ ഭരണഘടനാ ബെഞ്ചിന് വിടാനുള്ള സാദ്ധ്യതയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ്‌മാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് സൂചിപ്പിച്ചു. പൗരത്വ നിയമം പോലുള്ള ഒരു നിയമവും തിരുത്താൻ പറ്റാത്തതാണെന്ന് കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച 144 ഹർജികളാണ് ലിസ്റ്റ് ചെയ്‌തിരുന്നത്. ഏകപക്ഷീയമായി ഇടക്കാല ഉത്തരവിടാൻ വിസമ്മതിച്ച കോടതി, മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാലാഴ്ച അനുവദിച്ചു. കുടിയേറ്റക്കാരെയും സംശയമുള്ള പൗരന്മാരെയും തിരിച്ചറിയാൻ മതത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ മാറ്റി വയ്‌ക്കുകയെങ്കിലും ചെയ്യണമെന്ന വൈകാരികമായ അപേക്ഷയും കോടതി ചെവിക്കൊണ്ടില്ല. സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇടക്കാല ഉത്തരവിനായി കേസ് ഫെബ്രുവരിയിൽ പരിഗണിക്കും. രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുന്നുണ്ടോയെന്നതിൽ വ്യക്തത തേടി മുസ്ലിംലീഗ് നൽകിയ അപേക്ഷയിലും കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നതും തടഞ്ഞിട്ടുണ്ട്. അസാം കരാർ ലംഘിച്ചു എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അസാം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി പരിഗണിക്കും.


'സ്റ്റേയും മാറ്റിവയ്‌ക്കലും'

ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് ആറ് ആഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. അറുപത് ഹർജികളിലാണ് നോട്ടീസ് ലഭിച്ചത്. എൺപത് ഹർജികൾ കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് 80 ഹർജികളിൽ കൂടി കോടതി നോട്ടീസ് ഉത്തരവായി.

ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ മൂന്നു മാസത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. സ്റ്റേ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് എ.ജി നിലപാടെടുത്തു. . വാക്കുകൾ വ്യത്യസ്തമാണെങ്കിലും ഫലം ഒന്നുതന്നെയാണെന്ന് ചീഫ്ജസ്റ്റിസ് നിരീക്ഷിച്ചു. സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇടക്കാല ഉത്തരവിടാൻ വാദം കേൾക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വാദത്തിനുള്ള ഷെഡ്യൂൾ തയ്യാറാക്കാൻ സീനിയർ അഭിഭാഷകർക്ക് നിർദ്ദേശം നൽകി.

'സംശയിക്കേണ്ട പൗരൻ'

ആളുകളെ സംശയിക്കേണ്ട പൗരനെന്ന് രേഖപ്പെടുത്താൻ ഭരണകൂടത്തിന് പരമാധികാരം നൽകിയതാണ് ഏറ്റവും ഉൽക്കണ്ഠയുണ്ടാക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ പറഞ്ഞു. പൈശാചികമായ നടപടി വോട്ടർ പട്ടിക അട്ടിമറിക്കാൻ ഇടയാക്കും. മുസ്ലീങ്ങൾക്ക് മാത്രമല്ല ഹിന്ദുക്കൾക്കും ഭയമുണ്ട്. ഭയം മാറ്റിയില്ലെങ്കിൽ രാജ്യമാകെ അരക്ഷിതത്വം പടരുമെന്നും അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശ് സർക്കാർ പൗരത്വഭേദഗതി നിയമ നടപടികൾ തുടങ്ങിയെന്നും 19 ജില്ലകളിൽ സംശയിക്കേണ്ടവരായി രേഖപ്പെടുത്തിയ നിരവധി പേരുടെ വോട്ടവകാശം നഷ്ടപ്പെടുകയാണെന്നും അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.

കോടതിയിൽ തിക്കുംതിരക്കും

കോൺഗ്രസിലെ ജയ്‌റാം രമേശ്, ടി.എൻ പ്രതാപൻ, സി.പി.എം, മുസ്ലിംലീഗ്, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ നേതാക്കളും സംഘടനകളും നൽകിയതാണ് 144 ഹർജികൾ. കക്ഷികളും അഭിഭാഷകരും നേതാക്കളുമായി കോടതിയിൽ വൻതിരക്കായിരുന്നു. തിക്കിലും തിരക്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയ കേരളത്തിലെ നേതാക്കളും എത്തിയിരുന്നു.