ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സുപ്രീംകോടതിയിലെ മുൻജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിരിച്ചുവിട്ട കാലയളവിലെ വേതന കുടിശികയും നൽകിയാണ് പുനർനിയമനം. വീണ്ടും സർവീസിൽ പ്രവേശിച്ച യുവതി അവധിയിൽ പോയതായും റിപ്പോർട്ടിൽ പറയുന്നു.
2014ലാണ് യുവതി സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റൻറായി നിയമിതയായത്. 2019 ഏപ്രിലിലാണ് അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. തുടർന്ന് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും ആരോപിച്ചിരുന്നു.
അതേസമയം ലൈംഗികാതിക്രമ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ഇപ്പോഴത്തെ ചീഫ്ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളുമായ ആഭ്യന്തര അന്വേഷണ സമിതി രഞ്ജൻ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് എ.കെ. പട്നായിക്ക് സമിതിയെ സുപ്രീംകോടതി പ്രത്യേക ബെഞ്ച് നിയോഗിച്ചിട്ടുണ്ട്.