ന്യൂഡൽഹി: ഗ്രൂപ്പ് വീതംവയ്പും സാമുദായിക പ്രാതിനിദ്ധ്യവും ഉറപ്പാക്കി ആറ് വർക്കിംഗ് പ്രസിഡന്റുമാരടക്കം 125 പേരടങ്ങുന്ന കെ.പി.സി.സി ഭാരവാഹികളുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറി. ജംബോ പട്ടികയ്ക്കെതിരെ നിലപാടെടുത്ത ഹൈക്കമാൻഡും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഒടുവിൽ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങിയെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ഇന്നലെ ഡൽഹിയിൽ നടത്തിയ അവസാന വട്ട ചർച്ചകളിലാണ് പുതിയ സമവായ പട്ടിക തയ്യാറായത്.
നിലവിലുള്ള വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും പുറമെ പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശൻ, കെ.വി. തോമസ്, ടി. സിദ്ധിഖ് എന്നിവരെയും ഉൾപ്പെടുത്തി. മുസ്ലീം പ്രാതിനിദ്ധ്യം ഉറപ്പിക്കാൻ സിദ്ധിഖിനായി എ ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തിയിരുന്നു. ഹൈക്കമാൻഡ് പ്രതിനിധിയാണ് കെ.വി. തോമസ്.
എ, ഐ ഗ്രൂപ്പുകളിൽ നിന്ന് അഞ്ച് വീതവും ഹൈക്കമാൻഡിന്റെയും മുല്ലപ്പള്ളിയുടെയും പ്രതിനിധികളായി ഒരാൾ വീതവും ഗ്രൂപ്പിലില്ലാത്ത ഒരാളും അടക്കം 13 വൈസ് പ്രസിഡന്റുമാരുടെ പേരും നൽകി. പത്മജാ വേണുഗോപാലും പാലോട് രവിയും എ.എ. ഷുക്കൂറുമടക്കം 36 ജനറൽ സെക്രട്ടറിമാരുണ്ടെന്നാണ് അറിവ്. സെക്രട്ടറിമാരുടെ എണ്ണം 70ൽ എത്തിയെന്നും കേൾക്കുന്നു. രാജിവച്ച ടി.എൻ. പ്രതാപൻ എം.പിക്ക് പകരം തൃശൂർ ഡി.സി.സി പ്രസിഡന്റായി എം.പി. വിൻസെന്റിനെയും വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിച്ചാൽ ടി. സിദ്ധിഖിന് പകരം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി യു. രാജീവനെയും പരിഗണിക്കുന്നു.
വൈസ് പ്രസിഡന്റ്
സാദ്ധ്യതാ പട്ടിക
സി. പി. മുഹമ്മദ് (ഗ്രൂപ്പ് രഹിതൻ), ടി.എൻ. പ്രതാപൻ (ഹൈക്കമാൻഡ്), എ.പി. അനിൽ കുമാർ (ഐ), ശൂരനാട് രാജശേഖരൻ (ഐ), അടൂർ പ്രകാശ് (ഐ), വി.എസ്. ശിവകുമാർ (ഐ), ജോസഫ് വാഴക്കൻ (ഐ), തമ്പാനൂർ രവി (എ), കെ.പി. ധനപാലൻ(എ), കെ. സി. റോസക്കുട്ടി (എ), ഏഴുകോൺ നാരായണൻ (എ), അബ്ദുറഹ്മാൻ കുട്ടി (എ), മോഹൻ ശങ്കർ (മുല്ലപ്പള്ളി).