ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് ചില അവകാശങ്ങളുറപ്പാക്കുന്ന 2014ലെ വിധിയിൽ ഭേദഗതിയും വ്യക്തതയും തേടി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
ദയാഹർജി തള്ളിയാൽ 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ തുടങ്ങിയ മാനദണ്ഡങ്ങളുള്ള ശത്രുഘ്‌നൻ ചൗഹാൻ കേസിലെ വിധി പ്രതികൾക്ക് കൂടുതൽ പരിഗണന നൽകുന്നതാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ കേസിൽ 2014ലും 2017ലും കേന്ദ്രത്തിന്റെ റിവ്യൂഹർജിയും തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.
നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ അപേക്ഷ നൽകിയത്. നിർഭയകേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റണമെന്നായിരുന്നു ഡൽഹി അഡിഷണൽ സെഷൻസ് കോടതി ആദ്യം മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതി മുകേഷ് സിംഗ് ദയാഹർജി നൽകിയതോടെ വൈകുകയായിരുന്നു. ദയാഹർജി തള്ളി 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാവൂവെന്ന മാനദണ്ഡപ്രകാരം ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാൻ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കയാണ്.
കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ
ഇരയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടിന് മുൻതൂക്കം നൽകണം.
തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ സമയപരിധി നിശ്ചയിക്കണം.
റിവ്യൂ ഹർജി തള്ളി നിശ്ചിത സമയത്തിനുള്ളിലേ തിരുത്തൽ ഹർജി നൽകാനാകൂ
മരണവാറണ്ട് പുറപ്പെടുവിച്ചാൽ ഏഴുദിവസത്തിനുള്ളിൽ ദയാഹർജി നൽകണം, ദയാഹർജി തള്ളിയാൽ ഏഴുദിവസത്തിനുള്ളിൽ വിധി നടപ്പാക്കാൻ നിർദ്ദേശിക്കണം