nepal-
NEPAL

ന്യൂഡൽഹി:നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ച നാല് പിഞ്ചോമനകളുടെയും അവരുടെ അച്ഛനമ്മമാരുടെയും മൃതദേഹങ്ങൾ എത്തുന്നതിനായി നാടാകെ കണ്ണീരിൽ മുങ്ങി ഹൃദയം തകർന്ന് കാത്തിരിക്കുകയാണ്. എട്ട് പേരുടെയും മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിൽ എത്തിക്കും.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കൃഷ്ണൻ നായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് രാവിലെ 11ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിൽ എത്തിച്ചശേഷം രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ ഒൻപത് മണിക്കാണ് സംസ്‌കാരം.

കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12ന് കോഴിക്കോട്ടെത്തിക്കും.

ഇന്നലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

ബന്ധുക്കളുടെ ആവശ്യമനുസരിച്ച് മൃതദേഹങ്ങൾ പ്രത്യേകം എത്തിക്കാനുള്ള നടപടികളെടുത്തതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. മരിച്ച ശരണ്യയുടെ സഹോദരൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.


അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ

ദുരന്തം അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗസംഘത്തെ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മരണത്തിന് കാരണം റിസോർട്ടുകാരുടെ അനാസ്ഥയെന്നു കാട്ടി രഞ്ജിത്തിന്റെ ബന്ധു എൻ.പി.ശ്രീജിത്ത് നേപ്പാളിലെ ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകി. മൈനസ് ഡിഗ്രിയായിരുന്നു താപനില. ബെഡ് ഹീറ്റർ പ്രവർത്തിക്കാത്തതിനാൽ മുറിയിൽ ടവർ ഹീറ്റർ വയ്ക്കാമെന്ന് മാനേജർ പറയുകയായിരുന്നു. ഹീറ്ററുള്ളതിനാലാണ് രണ്ടു കുടുംബങ്ങളും ഒരു മുറിയിൽ താമസിച്ചതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം കാര്യക്ഷമമാകാൻ ഇന്ത്യൻ എംബസി ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

എന്നാൽ തങ്ങൾ എതിർത്തിട്ടും നിർബന്ധിച്ച് ടവർ ഹീറ്റർ മുറിയിൽ വയ്പ്പിച്ചുവെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. ജനലോ വാതിലോ തുറന്നിട്ടിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നെന്ന് പൊലീസ് പറയുന്നു.