kejriwal

ന്യൂഡൽഹി: ഡൽഹിയിൽ തുടർഭരണം തേടുന്ന അരവിന്ദ് കേജ്‌രിവാളിനെ നേരിടാൻ അരയും തലയും മുറുക്കി ബി.ജെ.പി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 40അംഗ പ്രചാരണ സംഘത്തെ ഇറക്കി കേജ്‌രിവാളിനെ തറപറ്റിക്കാനാണ് നീക്കം. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമെല്ലാം പ്രചാരണത്തിൽ സജീവമാകും. മോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, ഡോ. ഹർഷവർദ്ധൻ, പുതിയ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമെത്തും. മുതിർന്ന നേതാക്കളും താരങ്ങളായ എം.പിമാർ വരെയുള്ളവരും പ്രചാരണം കൊഴുപ്പിക്കും.അതേസമയം ഡൽഹിയിൽ ഭരണത്തുടർച്ച നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വോട്ടർമാരോട് അഭ്യർത്ഥിച്ചു.സ്കൂളുകളുടെയും ആരോഗ്യസംവിധാനങ്ങളുടെയും മികവ് ജനങ്ങൾ ചിന്തിക്കണമെന്നും മറ്റുള്ളവർ അധികാരത്തിലെത്തിയാൽ ഇത് നശിക്കുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.1,029 സ്ഥാനാർത്ഥികളാണ് ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

കേജ്‌രിവാൾ കോടീശ്വരൻ

കേജ്‌രിവാളിന് ആകെ 3.4 കോടിയുടെ സ്വത്തുണ്ട്. എതിർസ്ഥാനാർത്ഥി ബി.ജെ.പിയുടെ സുനിൽ യാദവിന് 40.12 ലക്ഷം ആസ്തിയും 13.06 ലക്ഷത്തിന്റെ ബാദ്ധ്യതയുമുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി റൊമേഷ് സഭർവാളിന് 27.5 ലക്ഷമാണ് ആസ്തി. 14.30 ലക്ഷത്തിന്റെ ആഭരണവുമുണ്ട്.