national

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡൽഹിയുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ പൊലീസിന് ദേശസുരക്ഷാനിയമം (എൻ.എസ്.എ) പ്രയോഗിക്കാൻ അധികാരം നൽകിയതിനെതിരെയുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. എൻ.എസ്.എ അധികാരം നൽകുന്നതിനെതിരെ ഉത്തരവിടാനാകില്ല.നിയമം ദുരുപയോഗം ചെയ്താൽ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ അരുൺമിശ്ര, ഇന്ദിരാബാനർജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിചാരണകൂടാതെ തടവിൽ വയ്ക്കാനുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എൽ. ശർമ്മയാണ് ഹർജി നൽകിയത്. പൗരത്വഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവയ്ക്കെതിരെ പ്രതിഷേധം തടയാനും ജനങ്ങളെ സമ്മർദ്ദത്തിലാക്കാനുമാണ് പൊലീസിന് ഇപ്പോൾ എൻ.എസ്.എ അധികാരം നൽകിയതെന്നും ഹർജിയിൽ ആരോപിച്ചു.

ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയിക്കുന്നയാളെ വിചാരണകൂടാതെ തടവിൽ വയ്ക്കാൻ അനുവദിക്കുന്ന ദേശസുരക്ഷാ നിയമം പ്രയോഗിക്കാനുള്ള അധികാരം ജനുവരി 10നാണ് ഡൽഹി പൊലീസിന് കേന്ദ്രം നൽകിയത്. അറസ്റ്റിലാകുന്നയാളെ ഒരു വർഷംവരെ കുറ്റംചുമത്താതെ തടവിലിടാൻ ദേശസുരക്ഷാ നിയമപ്രകാരം പൊലീസിന് അധികാരമുണ്ട്.ഈ മാസം ആദ്യം ആന്ധ്രപ്രദേശ് സർക്കാരും പൊലീസിന് എൻ.എസ്.എ അധികാരം നൽകിയിരുന്നു.