basith

പൊതുവിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്വം

 വിദ്യാർത്ഥികളുമായി ചർച്ച നടത്തണം

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പഠിപ്പുമുടക്ക് സമരത്തെ തള്ളി പുതിയ ഹോസ്റ്റൽ മാനുവലുമായി മുന്നോട്ടുപോകുന്ന ജെ.എൻ.യു അധികൃതർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജെ.എൻ.യുവിലെ പുതിയ സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്താൻ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് പഴയ ഫീസ് ഘടനയിൽ തന്നെ രജിസ്‌ട്രേഷൻ നടത്താൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഒരാഴ്ചയ്ക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ വൈകിയതിനുള്ള പിഴ ഈടാക്കരുത്. തർക്കമുണ്ടാവുകയാണെങ്കിൽ സംവരണ വിഭാഗത്തിന് ഹോസ്റ്റൽ മുറി അനുവദിക്കുന്നത് പഴയ ഹോസ്റ്റൽ മാനുവൽ അനുസരിച്ചായിരിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജ് രാജീവ് ശാക്ദേർ ജെ.എൻ.യു അധികൃതരോട് നിർദ്ദേശിച്ചു.

ഫീസ് വർദ്ധനയ്‌ക്കെതിരെ മാസങ്ങളായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതാണ് ഇടക്കാല ഉത്തരവ്.
ഫീസ് വർദ്ധനയ്‌ക്കെതിരെ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷിഘോഷ്, വൈസ് പ്രസിഡന്റ് സാകേത് മൂൺ, ജനറൽ സെക്രട്ടറി സതീഷ്ചന്ദ്ര യാദവ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷ് എന്നിവരാണ് ഹർജി നൽകിയത്. ജെ.എൻ.യു അഡ്മിനിസ്‌ട്രേഷനും യു.ജി.സിക്കും കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. ഫെബ്രുവരി 28ന് വീണ്ടും ഹർജി പരിഗണിക്കും.

പുതിയ ഹോസ്റ്റൽ മാനുവൽ പ്രകാരം 90 ശതമാനം വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തതായി അഡിഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് അറിയിച്ചു. ഫീസ് പുതുക്കിയത് യു.ജി.സി സർക്കുലർ പ്രകാരമാണ്. കരാർ ജീവനക്കാർക്കുള്ള ചെലവ് കുറയ്ക്കാൻ എല്ലാ കേന്ദ്രസർവകലാശാലകൾക്കും സർക്കുലറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 400ൽ അധികംവരുന്ന കരാർ ജീവനക്കാർക്കുള്ള ശമ്പളം കണ്ടെത്താൻ ഫീസ് പുതുക്കി നിശ്ചയിച്ചതെന്നും പിങ്കി ആനന്ദ് പറഞ്ഞു.

 സർക്കാരാണ് പൊതുവിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തേണ്ടത്.കരാർ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ബാദ്ധ്യത വിദ്യാർത്ഥികളിൽ കെട്ടിവയ്ക്കാനാകില്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ അടിയന്തര സാഹചര്യമെന്താണ്. എന്തുകൊണ്ടാണ് യോഗങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാത്തത്. അധികാരം നിങ്ങളുടെ കൈയിൽ തന്നെയാണ്. അവരെ കൂടി കേൾക്കണം. പഴയ കാര്യങ്ങൾ മാറ്റിവച്ച് ചർച്ചകളുമായി മുന്നോട്ടുപോകൂ.

ഡൽഹി ഹൈക്കോടതി

ജെ.എൻ.യു അധികൃതരോട്