ന്യൂഡൽഹി: മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളി മൂർഖൻ ഷാജിയുടെയും (ഷാജിമോൻ) കൂട്ടുപ്രതി രാജേഷിന്റെയും ജാമ്യം സുപ്രീംകോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് നൽകിയ ഹർജിയിലാണ് നടപടി. പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ഇന്ദുമൽഹോത്ര എന്നിവർ നിർദേശിച്ചു. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെയും ബെഞ്ച് വിമർശിച്ചു. നാർക്കോട്ടിക്‌സ് ആൻഡ് ഡ്രഗ്‌സ് സൈകോട്രോപിക്‌സ് ആക്ട് (എൻ.ഡി.പി.എസ്) കേസുകളിൽ ജാമ്യം അനുവദിക്കുന്നതിൽ ഉദാര മനോഭാവം കാണിക്കരുത്. കുറ്റം ചെയ്തിട്ടില്ലെന്ന് യുക്തിസഹമായ രീതിയിൽ ബോധ്യപ്പെട്ടാൽ മാത്രമേ ജാമ്യം അനുവദിക്കാവൂവെന്ന് വ്യവസ്ഥയുണ്ട്. പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പും വേണം. ഈ വ്യവസ്ഥകളും പാലിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ബെഞ്ച് നിരീക്ഷിച്ചു. 2018 മേയ് 25ന് തിരുവനന്തപുരം മണ്ണന്തലയിലെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട വാഹനത്തിൽ നിന്നും 10.202 കിലോ ഹാഷിഷ് ഓയിലും 13.5 ലക്ഷം രൂപയും പിടിച്ചെടുത്ത കേസിലാണ് പ്രതികൾക്ക് കേരളഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ എക്‌സൈസ് നൽകിയ ഹർജിയും തള്ളിയിരുന്നു.