nirbhaya-case

ന്യൂഡൽഹി: നിർഭയക്കേസിൽ തന്റെ ദയാഹർജി തള്ളിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നടപടി ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് (32) സുപ്രീം കോടതിയെ സമീപിച്ചു. ശത്രുഘ്നൻ ചൗഹാൻ കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ഹർജി പരിഗണിക്കണമെന്നും രാഷ്ട്രപതിയുടെ തീരുമാനത്തിൽ ജുഡിഷ്യൽ റിവ്യൂ വേണമെന്നുമാണ് ആവശ്യം. അഭിഭാഷക വൃന്ദാ ഗ്രോവർ മുഖേനയാണ് ഹർജി നൽകിയത്. ഫെബ്രുവരി 1ന് രാവിലെ 6ന്ശിക്ഷ നടപ്പാക്കണമെന്ന് പാട്യാല കോടതി ഉത്തരവിട്ടിരിക്കെയാണ് മുകേഷ് സുപ്രീംകോടതിയെ സമീപിച്ചത്.
ജനുവരി 17നാണ് രാഷ്ട്രപതി മുകേഷിന്റെ ദയാഹർജി തള്ളിയത്. മറ്റുപ്രതികൾ ദയാഹർജി നൽകിയിട്ടില്ല. അതിനിടെ മറ്റു പ്രതികൾക്ക് തിരുത്തൽ, ദയാഹർജികൾ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ കൈമാറാൻ അഡീഷനൽ സെഷൻസ് കോടതി തിഹാർ ജയിൽ അധികൃതർക്ക് ഇന്നലെ നിർദേശം നൽകി. ആവശ്യമായ രേഖകൾ, നോട്ട്ബുക്കുകൾ എന്നിവയുടെ ചിത്രങ്ങൾ പകർത്താൻ അഭിഭാഷകനെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ പ്രതി വിനയ് കുമാർ ശർമ്മയുടെ 10 പെയിന്റിംഗുകൾ, 19 പേജുള്ള നോട്ട്ബുക്ക് എന്നിവ ഇന്നലെ തിഹാർ അധികൃതർ ഹാജരാക്കി.