nirbhya-case

ന്യൂഡൽഹി: ദയാഹർജി തള്ളിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നടപടി ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി മുകേഷി സിംഗ് നൽകിയ ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഹർജി ഉടൻ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയെ സമീപിക്കാൻ മുകേഷ് സിംഗിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിർദ്ദേശിച്ചു.ഇന്ന് ഉച്ചയ്ക്ക് 12ന് ആർ.ഭാനുമതി,​ജസ്റ്റിസ് അശോക് ഭൂഷൻ,​ എ.എസ്.ബോപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേൾക്കും. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാൻ വിധിക്കപ്പെട്ട പ്രതിയുടെ ഹർജിക്ക് അടിയന്തര പ്രാധാന്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. കഴിഞ്ഞദിവസം അഭിഭാഷക വൃന്ദാ ഗ്രോവർ മുഖേനയാണ് മുകേഷ് ഹർജി നൽകിയത്. ജനുവരി 17നാണ് മുകേഷിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയത്. ഈ തീരുമാനത്തിൽ ജുഡിഷ്യൽ റിവ്യൂ ആവശ്യമാണെന്നും ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കണമെന്ന മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുകേഷ് സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹർജിയിൽ തീരുമാനമെടുക്കാനായി തിഹാർ ജയിൽ അധികൃതർ രാഷ്ട്രപതിക്ക് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിന്റെയും ഏകാന്ത തടവിന്റെയും റിപ്പോർട്ടും തേടിയിട്ടുണ്ട്. അതേസമയം മറ്റുപ്രതികൾ ഇതുവരെ ദയാഹർജി നൽകിയിട്ടില്ല.

പവൻഗുപ്തയുടെ പിതാവ് നൽകിയ ഹർജി തള്ളി

നിർഭയ കേസിലെ ഏക സാക്ഷിയായ പെൺകുട്ടിയുടെ സൃഹൃത്തിന്റെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതികളിലൊരാളായ പവൻഗുപ്തയുടെ പിതാവ് ഹീരാലാൽ ഗുപ്ത നൽകിയ ഹർജി പാട്യാല കോടതി തള്ളി.