ന്യൂഡൽഹി: സ്വതന്ത്ര ബോഡോ സംസ്ഥാനത്തിനായി അസാമിൽ വർഷങ്ങളായി പോരാടുന്ന നിരോധിത സായുധ ഗ്രൂപ്പായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോലാൻഡുമായി കേന്ദ്രസർക്കാർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ സമാധാനകാരാറിൽ ഒപ്പുവച്ചു. ബോഡോ പ്രദേശത്തിന് കൂടുതൽ രാഷ്ട്രീയ അധികാരവും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ത്രികക്ഷി കരാറാണിത്. അസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, എൻ.ഡി.എഫ്.ബിയുടെയും പിളർന്നുപോയ ഗ്രൂപ്പുകളുടെയും ഉന്നത നേതാക്കൾ, ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ, ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി സത്യേന്ദ്രഗാർഗ്, അസാം ചീഫ് സെക്രട്ടറി കുമാർ സഞ്ജയ് കൃഷ്ണ എന്നിവരാണ് ഒപ്പിട്ടത്. അസാം മന്ത്രി ഹിമാന്ത ബിശ്വാസ് ശർമയാണ് സമാധാന കരാറിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ബോഡോ ജനതയുടെ സാമൂഹ്യവും സാംസ്കാരികവും ഭാഷാപരവുമായ സ്വത്വം സംരക്ഷിച്ച് മേഖലയുടെ സമഗ്രവികസനത്തിന് ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന് ഭരണപരവും സാമ്പത്തികവുമായ കൂടുതൽ അധികാരം നൽകും. ഗ്രാമീണ വൈദ്യുതീകരണം, പരമ്പരാഗതേതര ഊർജവികസനം, സാരോർജം, പുനരുപയോഗിക്കാവുന്ന ഊർജം, ചെറുജലവൈദ്യുത പദ്ധതികൾ, ന്യൂനപക്ഷവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ കൗൺസിലിന് അധികമായി ലഭിക്കും. മൂന്നുവർഷം കൊണ്ട് 1500കോടിയുടെ സാമ്പത്തിക സഹായം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകും. ഓൾ ബോഡോ സ്റ്റുഡന്റ് യൂണിയനുമായാണ് കേന്ദ്രം ഒന്നാം ബോഡോ കരാർ 1993ൽ ഒപ്പിടുന്നത്. ഇത് പ്രകാരം പരിമിത രാഷ്ട്രീയ അധികാരങ്ങളോടെ ബോഡോലാൻഡ് സ്വയംഭരണ കൗൺസിൽ രൂപീകരിച്ചു. 2003ലെ രണ്ടാം ബോഡോ കരാർ പ്രകാരം അസാമിലെ ക്രോക്കജർ, ചിരാംഗ്, ബാസ്ക, ഉദൽഗുരി ജില്ലകൾ ചേർത്ത് ബോഡോ ടെറിട്ടോറിയൽ കൗൺസിൽ രൂപീകരിച്ചു. കരാറിലൂടെ എൻ.ഡി.എഫ്.ബിയുടെയും പിളർന്ന ഗ്രൂപ്പുകളുടെയും 1500 ഓളം വരുന്ന സായുധ സേനാംഗങ്ങൾ പോരാട്ടം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് വരുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
കരാറിൽ
ചരിത്രപരമായ കരാർ. അസാമിന്റെയും ബോഡോ മേഖലയുടെയും വികസനത്തിന് സഹായിക്കും.
അമിത് ഷാ, ആഭ്യന്തരമന്ത്രി