ന്യൂഡൽഹി: രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിൽക്കാൻ കേന്ദ്രസർക്കാർ ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ള കമ്പനികൾ മാർച്ച് 17-ന് മുമ്പ് സമ്മതപത്രം നൽകണം. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. വാങ്ങാനാളില്ലെങ്കിൽ അടച്ചുപൂട്ടുമെന്നും കേന്ദ്രം വ്യക്തമാക്കി.
വിദേശ കമ്പനികൾക്ക് ഇന്ത്യൻ കമ്പനികളുമായി ചേർന്നേ ഓഹരി വാങ്ങാനാകൂ. എയർ ഇന്ത്യയുടെ നിയന്ത്രണം ഇന്ത്യൻ സ്ഥാപനത്തിനായിരിക്കും. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ മോദി സർക്കാർ വിൽപ്പനയ്ക്ക് വച്ചിരുന്നെങ്കിലും വാങ്ങാൻ ആരും തയാറായില്ല. തുടർന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിച്ചത്. ഇൻഡിഗോയും യു.എ.ഇയിലെ എത്തിഹാദ് എയർലൈൻസും നേരത്തേ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല.
വമ്പിച്ച ഒാഫർ
എയർ ഇന്ത്യയുടെ നടത്തിപ്പവകാശവും ഉപ കമ്പനിയായ എയർ ഇന്ത്യ എക്സ് പ്രസിലെ 100 ശതമാനം ഓഹരിയും
എ.ഐ.എസ്.എ.ടി.എസിലുള്ള 50ശതമാനം ഓഹരിയും വിൽക്കും.
ഡൽഹിയിലെ കെട്ടിടവും ഭൂമിയും, മുംബയ് വിമാനത്താവളത്തിലുള്ള കോർപറേറ്റ് ഓഫീസും നിശ്ചിതകാലത്തേക്ക് കൈമാറും.
4,400 ആഭ്യന്തര ലാൻഡിംഗ് പാർക്കിംഗ് സ്ലോട്ടുകൾ, ഇന്ത്യൻ വിമാനത്താവളങ്ങളിലെ 1800 അന്താരാഷ്ട്ര സ്ലോട്ടുകൾ, വിദേശത്തെ 900 സ്ലോട്ടുകൾ എന്നിവ ലഭിക്കും.
38714 കോടി ഏറ്റെടുക്കും
എയർഇന്ത്യയുടെ 62000 കോടിയോളം രൂപയുടെ കടബാദ്ധ്യതയിൽ 38714 കോടി കേന്ദ്രം ഏറ്റെടുക്കും. 23286 കോടിയായിരിക്കും ഏറ്റെടുക്കുന്നവരുടെ ബാദ്ധ്യത.
3500 കോടി രൂപ കുറഞ്ഞ ആസ്തിമൂല്യമുള്ള കമ്പനികൾക്ക് താത്പര്യപത്രങ്ങൾ സമർപ്പിക്കാം. 2018ൽ ഇത് 5000 കോടിയായിരുന്നു.
മറ്റ് ബാദ്ധ്യതകളും എയർഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിന് കൈമാറും.
ജീവനക്കാർക്ക് നൽകാനുള്ള 1383.70 കോടി രൂപ കുടിശികയും അസറ്റ് ഹോൾഡിംഗ് നൽകും.
എയർഇന്ത്യ എൻജിനിയറിംഗ് സർവീസ് അടക്കമുള്ള മറ്റ് സ്ഥാപനങ്ങൾ പ്രത്യേക കമ്പനിയാക്കും.
എയർ ഇന്ത്യയെ കടത്തിൽ നിന്നു കരകയറ്റാൻ മറ്റുമാർഗമില്ല. ഇക്കുറിയും ഓഹരി വാങ്ങാൻ ആരും എത്തിയില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടും.
- ഹർദീപ് സിങ് പുരി
കേന്ദ്ര വ്യോമയാന മന്ത്രി
സർക്കാരിന്റെ കൈയിൽ കാശില്ല. വളർച്ചാ നിരക്ക് ഇടിഞ്ഞു. ഇത് മറികടക്കാനാണ് ആസ്തികൾ വിറ്റുതുലയ്ക്കുന്നത്
- കപിൽ സിബൽ
കോൺ. നേതാവ്
.
എയർ ഇന്ത്യ നഷ്ടത്തിൽ നിന്നു കരകയറുകയാണ്. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള പ്രവർത്തന നഷ്ടം കുറഞ്ഞു. ഈ സമയത്ത് എന്തിനാണ് വിൽക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.
- -സുബ്രഹ്മണ്യം സാമി
ബി.ജെ.പി നേതാവ്