ന്യൂഡൽഹി: രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. പശ്ചിമബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ബി.ജെ.പി വക്താവ് ഗൗരവ് ഭൻസാൽ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ താക്കീത്. ബി.ജെ.പിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയോടും ബംഗാളിലെ മമത സർക്കാരിനായി ഹാജരായ കപിൽ സിബലിനോടുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
രാഷ്ട്രീയവിദ്വേഷം തീർക്കാൻ ഇരുകൂട്ടരും കോടതിയെ വേദിയാക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. രാഷ്ട്രീയ തർക്കങ്ങൾ ഒരു ടെലിവിഷൻ ചാനലിൽ പോയി തീർക്കുന്നതാണ് നല്ലത്. ചീഫ്ജസ്റ്റിസ് വാക്കാൽ പറഞ്ഞു. കോടതിയിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയതിന് രണ്ടു അഭിഭാഷകരെയും അദ്ദേഹം വിമർശിച്ചു. തുടർന്ന് ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ബംഗാൾ സർക്കാരിന് കോടതി നോട്ടീസ് അയച്ചു.