court

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ 33 ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ജീവനോടെ കത്തിച്ച 'സർദാർപുര കൂട്ടക്കൊല" കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 14 കുറ്റവാളികൾക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ദിനവും ആറുമണിക്കൂർ സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണമെന്നും ഗുജറാത്തിൽ പ്രവേശിക്കരുതെന്നുമടക്കമുള്ള ഉപാധിയോടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കുറ്റവാളികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് ഒരു സംഘത്തെ മദ്ധ്യപ്രദേശിലെ ഇൻഡോറിലേക്കും മറ്റൊരു സംഘത്തെ ജബൽപൂരിലേക്കും അയയ്ക്കാനും കോടതി നിർദേശിച്ചു. ഇവിടെ ആഴ്ചയിൽ കുറഞ്ഞത് ആറ് മണിക്കൂർ

സാമൂഹിക ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഇതിന് വേണ്ട സൗകര്യം ജില്ലാ ലീഗൽ അതോറിറ്റികൾ ഒരുക്കും. ഗുജറാത്തിൽ പ്രവേശിക്കാൻ പാടില്ല. ജാമ്യ കാലയളവിൽ കുറ്റവാളികളുടെ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച നിരീക്ഷിച്ച് വിശദമായ റിപ്പോർട്ട് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി കോടതിയിൽ സമർപ്പിക്കണം. ഈ റിപ്പോർട്ട് പരിശോധിച്ച് കോടതി തുടർനടപടികൾ സ്വീകരിക്കും. ജീവിത ചെലവിനുള്ള വഴി കണ്ടെത്താൻ അവസരം ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വച്ച് സബർമതി എക്‌സ്‌പ്രസിന് തീവച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തിൽ വർഗീയ കലാപം ആളിപ്പടർന്നത്. അയോദ്ധ്യയിൽ നിന്ന് വന്ന 59 കർസേവകർ സംഭവത്തിൽ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സർദാർപുരയിലെ 33 ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ കലാപകാരികൾ ചുട്ടുകൊല്ലുകയായിരുന്നു. ഇൻഡോറിലെ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.