വൈറസ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം നടപടികൾ ആരംഭിച്ചു. ചൈനയിലെ ഹുബേയ് പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും വ്യാപാരികളും വിദ്യാർത്ഥികളുമായ 500ഓളം ഇന്ത്യക്കാരെ വിമാനം അയച്ച് തിരികെ എത്തിക്കും.
ഇതിനായി 423 സീറ്റുള്ള എയർ ഇന്ത്യ ബോയിംഗ് 747 വിമാനം മുംബയിൽ തയാറായി. വിദേശമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ വുഹാനിലേക്ക് പുറപ്പെടും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ചൈനീസ് സർക്കാരുമായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒഴിപ്പിക്കലിന് ദിവസങ്ങളെടുക്കുമെന്ന് വിദേശമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംശയമുള്ളവരെ പോലും പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിച്ച് നിരീക്ഷിക്കുന്നുണ്ട്. ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിക്കുന്നവരെ രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. ചികിത്സ/gx ഉറപ്പാക്കും. ഹോങ്കോംഗ് വഴി ഇന്ത്യയിലേക്ക് വരുന്നവരെ പരിശോധിക്കാൻ 13 വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതൽ ഏഴ് വിമാനത്താവളങ്ങളിൽ കൂടി ഈ സൗകര്യം ഏർപ്പെടുത്തും. വിമാനത്താവളങ്ങളിൽ ബോധവത്കരണ അനൗൺസ്‌മെന്റുകൾ തുടരും.
ഡൽഹിയിൽ 3 പേർ
കൊറോണ സംശയിക്കുന്ന 24നും 48നും ഇടയിൽ പ്രായമുള്ള മൂന്ന് ഡൽഹി സ്വദേശികളെ ഇന്നലെ റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇവരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ഹെൽപ്പ് ലൈൻ
011-23978046 എന്ന 24 മണിക്കൂർ കോൾ സെന്റർ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങി. ജനുവരി ഒന്നു മുതൽ ചൈന സന്ദർശിച്ചവർ വിവരങ്ങൾ കോൾ സെന്ററിൽ അറിയിക്കണം. പനി, കഫക്കെട്ട്, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.തിങ്കളാഴ്ചവരെ ചൈനയിൽ നിന്നെത്തിയ 33,552 യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധിച്ചു.
ഭയപ്പെടേണ്ട. എല്ലാ മുൻകരുതലുമെടുത്തിട്ടുണ്ട്.
- ഹർഷവർദ്ധൻ,
കേന്ദ്ര ആരോഗ്യമന്ത്രി
ചൈനീസ് സർക്കാരുമായി ബെയ്ജിംഗിലെ ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആർക്കും കൊറോണ വൈറസ് ബാധയില്ല. രക്ഷിതാക്കൾ ഭയപ്പെടേണ്ട.
- എസ്.ജയശങ്കർ,
വിദേശകാര്യമന്ത്രി