sabarimala

ന്യൂഡൽഹി:ശബരിമല കേസിൽ ഉൾപ്പെടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിനു വിട്ട ഹർജികളിൽ പത്ത് ദിവസം കൊണ്ട് വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകർ തയ്യാറാക്കിയ വിഷയങ്ങളിൽ സമവായമുണ്ടായില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിനെത്തുടർന്നാണ് ഈ നിർദേശം.

ശബരിമല കേസടക്കം ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറാക്കാൻ സുപ്രീം കോടതി അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സീനിയർ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഇന്ദിര ജയ് സിംഗ് എന്നിവർ ഉൾപ്പടെ നിരവധി അഭിഭാഷകരുമായി ചർച്ച ചെയ്ത് കരടിന് സീനിയർ അഭിഭാഷകൻ വി.ഗിരി രൂപം നൽകി. ഉപചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങളടങ്ങിയ പരിഗണനാ വിഷയങ്ങളുടെ കരടും അഭിഭാഷകരുടെ യോഗം തയ്യാറാക്കിയിരുന്നു.

വാദം പൂര്‍ത്തിയാക്കാൻ 22 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാനും ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് 10 ദിവസമേ വാദം കേൾക്കൂവെന്ന് കോടതി വ്യക്തമാക്കിയത്. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഫെബ്രുവരി മൂന്നിന് ഭരണഘടനാ ബെഞ്ച്ൽ വാദം ആരംഭിക്കും