ന്യൂഡൽഹി : മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. മുൻകൂർ ജാമ്യ പരിധി സംബന്ധിച്ച ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
വിചാരണയുടെ അവസാനം വരെ മുൻകൂർ ജാമ്യം തുടരാമെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം ജാമ്യാപേക്ഷയെന്നുമാണ് വിധി.
ക്രിമിനൽ നടപടിച്ചട്ടം 438 പ്രകാരം നൽകുന്ന മുൻകൂർ ജാമ്യത്തിന്റെ കാലാവധി വിചാരണ തീരുന്നത് വരെയാണെന്ന് വിധിയിൽ പറയുന്നു. മുൻകൂർ ജാമ്യം നൽകണമോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാരമാണ്.
ജസ്റ്റിസുമാരായ എം.ആർ.ഷാ, ഇന്ദിരാ ബാനർജി, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പ്രത്യേകം വിധിയെഴുതി.
കോടതി സമൻസ് അയയ്‌ക്കുന്നതോടെ മുൻകൂർ ജാമ്യം അവസാനിക്കില്ല. അത് വിചാരണയുടെ അവസാനം വരെ തുടരാം. ജാമ്യവ്യവസ്ഥകൾ കോടതിക്ക് തീരുമാനിക്കാം. എന്നാൽ സമയപരിധി നിശ്ചയിക്കുന്നത് നിയമത്തിന്റെ ഉദ്ദേശ്യത്തിന് ചേർന്നതല്ല.
ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ച് കോടതികൾക്ക് ജാമ്യവ്യവസ്ഥകൾ വയ്ക്കാം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കോടതിയെ സമീപിക്കുന്നതിന് തടസമില്ല. മുൻകൂർ ജാമ്യം കേസ് അന്വേഷിക്കാനുള്ള പൊലീസിന്റെ അധികാരത്തെ ചുരുക്കില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നതിന് അഞ്ച് മാർഗ നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
അഞ്ച് മാർഗ നിർദ്ദേശങ്ങൾ
1.അന്വേഷണത്തെ പരിമിതപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്,
2കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും പരിഗണിക്കണം,
3.കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക്,
4.തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാദ്ധ്യത
5.കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാദ്ധ്യത