ന്യൂഡൽഹി : മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് പൂനെ സ്വദേശികൾ നൽകിയ ഹർജിയിലാണ് വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്ന് ബോർഡ് എട്ടുപേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നു. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകൾക്ക് നിഷ്‌കർഷിച്ചിട്ടില്ല. അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കാണ്. സ്‌ത്രീകൾക്ക് പള്ളിയിൽ എത്തിയോ വീട്ടിലോ അത് ചെയ്യാം.ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ത്രീകളെ പള്ളികളിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കുന്നില്ല.
ഈ തത്വത്തിന് വിരുദ്ധമായ എല്ലാ ഫത്വകളും അവഗണിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.
അഭിഭാഷകൻ കപിൽ സിബൽ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമാണ് വ്യക്തിനിയമ ബോർഡ് സത്യവാംങ്മൂലം സമർപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം എന്നതും ശ്രദ്ധേയമാണ്.
മുസ്ലീം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് വ്യക്തി നിയമ ബോർഡ് അംഗം കമാൽ ഫറൂഖി നേരത്തേ പറഞ്ഞിരുന്നു. എല്ലാ പള്ളികളിലും സ്ത്രീകൾക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാൽ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം ഉറപ്പാക്കാൻ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.