corona

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്ന ഹൂബെയ് പ്രവിശ്യയിലെ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടു വിമാനങ്ങൾക്ക് പ്രവേശന അനുമതി തേടി ഇന്ത്യൻ വിദേശമന്ത്രാലയം ചൈനീസ് അധികൃതരെ സമീപിച്ചു.

അതിനിടെ ചൈനയിലേക്കുള്ള അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ കേന്ദ്രആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

ഹൂബെയ് തലസ്ഥാനമായ വുഹാനിലുള്ള 250 ഇന്ത്യക്കാരെ കൊണ്ടുവരാൻ ഒരു എയർ ഇന്ത്യ വിമാനത്തിന് ചൈന അനുമതി നൽകിയിട്ടുണ്ട്. വിമാനം മുംബയിൽ തയ്യാറാണ്. നടപടികൾ പൂർത്തിയായാൽ വുഹാനിലേക്ക് പുറപ്പെടും. അവിടത്തെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ അപേക്ഷയും സമ്മതപത്രവും കൈമാറി
ചൈനയിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകളിൽ ഭൂരിഭാഗവും താത്കാലികമായി നിറുത്തിവച്ചു. എയർഇന്ത്യയുടെ ഡൽഹി - ഷാങ്ഹായി സർവീസ് ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നിറുത്തി.

ഇൻഡിഗോയുടെ ഡൽഹി - ഷെങ്ദു, ബംഗ്ലുരു - ഹോംങ്കോംഗ് സർവീസുകളും ഫെബ്രുവരി 1 മുതൽ 20 വരെ നിറുത്തി. ഇൻഡിഗോയുടെ കൊൽക്കത്ത - ഗുവാംഗ്ഷു സർവീസ് തുടരും.

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളിലെ ജീവനക്കാരോട് എൻ.95 മാസ്ക്കുകൾ ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഗയ, ഗുവാഹത്തി, വിശാഖപട്ടണം, വാരണാസി, ഗോവ, ഭുവനേശ്വർ തുടങ്ങി 21 വിമാനത്താവളങ്ങളിൽ കൂടി യാത്രക്കാരെ സ്ക്രീൻ ചെയ്യും. പൂനയിലെ എൻ.ഐ.വി ലാബ് കൂടാതെ ആലുപ്പുഴ, ബംഗ്ലുരു, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിലെ ലാബുകളിലും പരിശോധന ലഭ്യമാക്കി. ഹോമിയോ, യുനാനി മരുന്നുകൾ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.