jamia-milia

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാല കാമ്പസിനുള്ളിൽ പൊലീസ് കടന്നു കയറി നടത്തിയ അക്രമത്തിൽ കാഴ്ച നഷ്ടമായ വിദ്യാർത്ഥി മിൻഹാജുദ്ദിൻ നീതി തേടി ഡൽഹി കോടതിയെ സമീപിച്ചു. സംഭവം അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.

ജാമിയ അക്രമത്തിനിടെയാണ് മിൻഹാജുദ്ദിന് കാഴ്ച നഷ്ടപ്പെട്ടത്. ഇതിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. ചികിത്സാ ചെലവ് വഹിക്കാനും യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥിരമായ ജോലി നൽകാനും കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ ഡൽഹിയിലെ ജാമിയ മേഖലയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. തുടർന്ന്മജാമിയ കാമ്പസിനുള്ളിൽ കയറിയ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. മിൻഹാജുദ്ദീൻ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് അന്നത്തെ പൊലീസ് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.