ന്യൂഡൽഹി: വധശിക്ഷയ്‌ക്കെതിരെ നിർഭയ കേസ് പ്രതി അക്ഷയ് സിംഗ് താക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ബനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ് സിംഗ് താക്കൂറും പവനും ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹർജി നൽകി. തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ടിനോട് ഇന്ന് രാവിലെ പത്തിന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
ഹർജിയിൽ ഇന്ന് വാദം കേൾക്കും. പ്രതികളിലൊരാളായ വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജിയും സമർപ്പിച്ചിട്ടുണ്ട്. ദയാഹർജിയിൽ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ. ഇതോടെ നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ശനിയാഴ്‌ച നടപ്പാകില്ലെന്നാണ് സൂചന.
ആരാച്ചാർ എത്തി
ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയിൽ അധികൃതർ മുന്നോട്ടു പോകുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് സ്വദേശിയായ ആരാച്ചാർ സിദ്ധി റാം എന്ന പവൻ ജല്ലാദ് ഇന്നലെ തിഹാറിലെത്തി. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപായുള്ള പ്രതികളുടെ ഭാരം അനുസരിച്ച് തയ്യാറാക്കിയ ഡമ്മി ഉപയോഗിച്ചുള്ള റിഹേഴ്സൽ ഇന്ന് നടത്തുമെന്നും ജയിൽ അധികൃതർ അറിയിച്ചു.രണ്ടാഴ്ച മുൻപ് തന്നെ നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ ജയിലിൽ ആരംഭിച്ചിരുന്നു. പ്രതികളെ മൂന്നാം നമ്പർ ജയിലിലെ ഏകാന്ത തടവറയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികൾ ആത്മഹത്യ മനോഭവമോ, അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്നറിയാൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാനസിക സംഘർഷം കുറയ്ക്കാൻ കൗൺസിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്താൻ ഡോക്ടർമാരുടെ പ്രത്യേക സംഘം ദിവസവും പരിശോധന നടത്തുന്നുണ്ട്.