ന്യൂഡൽഹി: വിമാനത്തിലെന്നപോലെ ട്രെയിനിലും മോശമായി പെരുമാറുന്ന യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്താൻ റെയിൽവേ ഒരുങ്ങുന്നു. മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന യാത്രക്കാർക്ക് നിശ്ചിത കാലത്തേക്കു വിലക്ക് ഏർപ്പെടുത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്.
ആറുമാസം വരെ യാത്രക്കാരെ വിലക്കുന്ന കാര്യമാണ് റെയിൽവേ ആലോചിക്കുന്നത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്ന യാത്രക്കാർക്ക് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയാത്തവിധമുളള സംവിധാനവും ഏർപ്പെടുത്തും. സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കമ്രയെ ഇൻഡിഗോ ആറുമാസത്തേക്കു വിലക്കിയത് വാർത്തയായ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ ഈ നീക്കം സംബന്ധിച്ച വിവരം പുറത്തുവരുന്നത്. മാദ്ധ്യമപ്രവർത്തകനെ ശല്യം ചെയ്തതിനാണ് കുനാൽ കമ്രയ്ക്ക് ഇൻഡിഗോ യാത്രാനിരോധനം ഏർപ്പെടുത്തിയത്. മോശം പെരുമാറ്റത്തിന്റെ പേരിൽ വിലക്ക് നേരിടുന്ന യാത്രക്കാരുടെ പട്ടിക വിമാന കമ്പനികളിൽ നിന്ന് ശേഖരിക്കും. ഇത് റെയിൽവേയുടെ സിസ്റ്റത്തിൽ ചേർക്കും. ഇതോടെ ഇവർക്ക് ട്രെയിൻ ടിക്ക് ബുക്ക് ചെയ്യാൻ സാധിക്കാത്ത നില വരും.
യാത്രക്കാർക്കിടയിൽ മോശമായി പെരുമാറുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതെന്നും റെയിൽവേ അധികൃതർ പറയുന്നു. ഇത് കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് കടക്കാൻ റെയിൽവേ ആലോചിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.