delhi-election

ന്യൂഡൽഹി: ഡൽഹി മറ്റൊരു അധികാരപ്പോരിന് സാക്ഷ്യം വഹിക്കുമ്പോൾ രാഷ്ട്രീയ അതികായൻമാരും മുൻ മുഖ്യമന്ത്രിമാരുമായ മൂന്നു പേർ ഇത്തവണയില്ല. ബി.ജെ.പി നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ മദൻലാൽ ഖുറാന, സുഷമാ സ്വരാജ്, 15 വർഷം സംസ്ഥാനം ഭരിച്ച കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത്, എന്നിവരാണ് ഒരുവർഷത്തിനിടെ വിട പറഞ്ഞത്. ദേശീയതലസ്ഥാനത്ത് ബി.ജെ.പിക്കായി രാഷ്ട്രീയകരുക്കൾ നീക്കിയ മുതിർന്ന ബി.ജെ.പി നേതാവ് അരുൺ ജയ്റ്റ്ലിയും ഇക്കുറിയില്ല. 'ഡൽഹി കാ ഷേർ' എന്നറിയപ്പെട്ടിരുന്ന മദൻലാൽ ഖുറാന 2018 ഒക്ടോബർ 27നും സുഷമാസ്വരാജ് 2019 ആഗസ്റ്റ് 6നുംഅന്തരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായിരിക്കെ 2019 ജൂലായ് 20നാണ് ഷീലാ ദിക്ഷിതിന്റെ മരണം. ഡൽഹി മുഖ്യമന്ത്രി രണ്ടു വനിതകൾ ആഴ്ചകളുടെ ഇടവേളയിലാണ് വിടപറഞ്ഞതെന്നതും യാദൃശ്ചികം.ഭാരതീയ ജനസംഘത്തിന്റെ ഡൽഹി ജനറൽ സെക്രട്ടറിയായി 1965-67ൽ തിരഞ്ഞെടുക്കപ്പെട്ട ഖുറാന, 1977ൽ മെട്രോപ്പൊളിറ്റൻ കൗൺസിൽ തിരഞ്ഞെടുപ്പിലൂടെയാണ് അധികാര രാഷ്ട്രീയത്തിൽ സജീവമായത്. 1993ൽ ഡൽഹി പ്രത്യേക പദവിയുള്ള സംസ്ഥാനമായപ്പോൾ ആദ്യ മുഖ്യമന്ത്രിയായി. 1996 വരെ പദവിയിൽ തുടർന്നു. കാലാവധി തീരും മുൻപ് സാഹിബ് സിംഗ് വർമയ്ക്കായി പദവി ഒഴിഞ്ഞു.ഉള്ളി വില വർദ്ധനയിൽ പൊതുജന വികാരം ശക്തമായതോടെ സാഹിബ് സിംഗിനുപകരം സുഷമാ സ്വരാജ് 1998 ഒക്ടോബർ 12ന് അധികാരമേറ്റെങ്കിലും പദവിയിലിരുന്നത് ഡിസംബർ മൂന്ന് വരെ മാത്രം. ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ച് കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് അധികാരത്തിലേറി. 2013 വരെ തുടർച്ചയായി 15 വർഷം ഡൽഹി അടക്കിവാണു. അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി 2013ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ രാഷ്ട്രീയം വിട്ടെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് വീണ്ടും സജീവമാകുന്നതിനിടെയായിരുന്നു മരണം.