ന്യൂഡൽഹി : ശബരിമല സ്ത്രീപ്രവേശന കേസിൽ മതസ്വാതന്ത്ര്യവും സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനുള്ള സമയക്രമവും പരിഗണനാവിഷയങ്ങളും മറ്റ് മാനദണ്ഡങ്ങളും തീരുമാനിക്കാൻ ഒൻപതംഗ ബെഞ്ച് ഫെബ്രുവരി 3 ന് സിറ്റിംഗ് നടത്താൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉത്തരവിട്ടു.
വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളിൽ സമവായമുണ്ടാക്കാൻ തങ്ങൾക്കായില്ലെന്ന് സീനിയർ അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ ഈ തീരുമാനം. ഇക്കാര്യത്തിൽ അഭിഭാഷകർ സമവായമുണ്ടാക്കാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ നിർദ്ദേശിച്ച ഏഴ് വിഷയങ്ങൾ അടക്കം വിശാലബെഞ്ച് പരിഗണിക്കേണ്ട കാര്യങ്ങൾ ഫെബ്രുവരി 3ന് നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേസിന്റെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ഈയിടെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.
ജനുവരി 13ന് ഒമ്പതംഗ ബെഞ്ച് ചേർന്നപ്പോഴാണ് പരിഗണനാ വിഷയങ്ങൾ അന്തിമമായി തീരുമാനിക്കാൻ ജനുവരി 17ന് സമ്മേളിക്കാൻ സുപ്രീം കോടതി അഭിഭാഷകരെ ചുമതലപ്പെടുത്തിയത്. മൂന്നാഴ്ചയ്ക്ക് ശേഷം വാദം നിശ്ചയിക്കുകയും ചെയ്തു. എന്നാൽ രണ്ട് തവണ യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ച പശ്ചാത്തലത്തിലാണ് കോടതി നേരിട്ട് വിഷയങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്.
വാദത്തിനെടുക്കുന്ന വിഷയങ്ങളിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കണമെന്നും ബെഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സീനിയർ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഇന്ദിര ജയ്സിംഗ് തുടങ്ങിയ സീനിയർ അഭിഭാഷകരുമായി ചർച്ച ചെയ്ത് പരിഗണനാ വിഷയങ്ങളുടെ കരടിന് സീനിയർ അഭിഭാഷകൻ വി.ഗിരി രൂപം നൽകിയിരുന്നു. ഉപചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങളും തയ്യാറാക്കിയിരുന്നു. എന്നാൽ ശബരിമല വിഷയത്തിന് പുറമേ പാഴ്സി, ബൊറ മുസ്ലീം വിഷയങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിൽ സമയവായത്തിലെത്താൻ യോഗത്തിന് ആയില്ല. വാദത്തിന് 22 ദിവസം ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു.