ന്യൂഡൽഹി: കുടുബ വാഴ്ച പ്രതിഫലിച്ച് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്. അഞ്ചു പേരെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ ബി.ജെ.പിയും ആം ആദ്മിയും മൂന്നു പേരെ കളത്തിലിറക്കി.
കൽക്കാജിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശിവാനി ചോപ്ര ഡൽഹി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ മകളാണ്. കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനും മുൻ ക്രിക്കറ്റ് താരുവുമായ കീർത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് സംഗം വിഹാറിൽ മത്സരിക്കുന്നു. 2003ൽ ഷീല ദീക്ഷിതിനെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച കീർത്തി അരുൺ ജയ്റ്റ്‌ലിയുമായി പിണങ്ങി 2015ലാണ് ബി.ജെ.പി വിട്ടത്. 2016 ൽ ആം ആദ്മിയിൽ ചേർന്ന അവർ 2017 ഏപ്രിലിൽ കോൺഗ്രസിലേക്കു കൂടുമാറി. ആർ.കെ പുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക സിംഗ് മുൻ നിയമസഭാ സ്പീക്കർ യോഗാനന്ദ ശാസ്ത്രിയുടെ മകളാണ്. ദ്വാരകയിൽ മത്സരിക്കുന്ന ആദർശ് ശാസ്ത്രി മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനാണ്. ആംആദ്മി എം.എൽ.എയായിരുന്ന ആദർശ് ഇത്തവണ അവസരം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസിൽ ചേരുകയായിരുന്നു. മോഡൽ ടൗണിലെ സ്ഥാനാർത്ഥി മഹിളാ കോൺഗ്രസ് സെക്രട്ടറി ആകാൻക്ഷ ഓല രാജസ്ഥാൻ മുൻ എം.എൽ.എ ബിജേന്ദ്ര സിംഗ് ഓലയുടെ മരുമകളാണ്. മുൻ മുഖ്യമന്ത്രി സാഹിബ് സിഹ് വർമയുടെ സഹോദരനും പടിഞ്ഞാറൻ ഡൽഹി എം.പി പർവേശ് വർമയുടെ അമ്മാവനുമായ ആസാദ് സിംഗ് ബി.ജെ.പി സ്ഥാനാർത്ഥിയായി മുണ്ട്ക മണ്ഡലത്തിലുണ്ട്. 2013ൽ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയറായിരുന്നു. മുൻ എം.എൽ.എ ഒ.പി.ബബ്ബറിന്റെ മകൻ രാജീവ് ബബ്ബർ തിലക് നഗറിലും തെക്കൻ ഡൽഹി എം.പി രമേഷ് ബിധൂരിയുടെ മരുമകൻ വിക്രം ബിധൂരിയും ബി.ജെ.പി സ്ഥാനാർത്ഥികളാണ്. രമേഷ് ബിധൂരി മൂന്നു തവണ വിജയിച്ച തുഗ്ലക്കാബാദിലാണ് മരുമകൻ ജനവിധി തേടുന്നത്. പടിഞ്ഞാറൻ ഡൽഹി മുൻ എം.പിയും കോൺഗ്രസ് നേതാവുമായ മഹാബൽ മിശ്രയുടെ മകൻ വിനയ് കുമാർ മിശ്ര ദ്വാരകയിലെ ആം ആദ്മി സ്ഥാനാർത്ഥിയാണ്. കോൺഗ്രസ് പ്രവർത്തകനായിരുന്ന വിനയ് അടുത്തിടെയാണ് ആപ്പിലെത്തിയത്. രജോരിഗാർഡൻ മുൻ എം.എൽ.എ ദയാനന്ദ് ചന്ദേലയുടെ ഭാര്യ ധന്വതി ചന്ദേല, ജിതേന്ദർ സിംഗ് തോമറിന്റെ ഭാര്യ പ്രീതി തോമർ എന്നിവരും ആപ്പിൽ നിന്ന് ജനവിധി തേടുന്നുണ്ട്. 2015ലെ തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസവിവരങ്ങൾ തെറ്റായി നൽകിയതിൽ ജിതേന്ദർ സിംഗിനെ കോടതി അയോഗ്യനാക്കിയതോടെയാണ് ഭാര്യയ്ക്ക് അവസരം ലഭിച്ചത്.