ന്യൂഡൽഹി : ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ കേരളത്തിലെ വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കും മുൻപേ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. പരിശോധിക്കാനും കൊറോണ ബാധ സ്ഥിരീകരിച്ചാൽ മികച്ച ചികിത്സ നൽകാനും എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. ഇരുപതിലധികം വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയവർ ഉൾപ്പെടെയുള്ള യാത്രക്കാരെ സ്‌ക്രീൻ ചെയ്യുന്നുണ്ട്.
ഇന്ത്യക്കാരെ ഇന്ന് മുതൽ ഒഴിപ്പിക്കും
ചൈനയിലുള്ള ഇന്ത്യക്കാരിൽ ആർക്കെങ്കിലും കൊറോണ ബാധിച്ചതായി വിവരമില്ലെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് വൈകിട്ടോടെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ന് വൈകിട്ട് ഒരു വിമാനം വുഹാനിലേക്ക് തിരിക്കും. രണ്ടു വിമാനങ്ങൾക്കാണ് ഇന്ത്യ അനുമതി തേടിയത്. വുഹാനിലും ഹൂബെയ് പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലുമുള്ള 600 ഓളം ഇന്ത്യക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന എല്ലാ സഹായവും ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. പൂനയിലെ എൻ.ഐ.വി ലാബ് കൂടാതെ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബ്, ബംഗളുരു, ന്യൂഡൽഹി എയിംസ്, മുംബയിലെ കസ്തൂർബ ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ഇന്നലെ മുതൽ ഒരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നുമുതൽ കൽക്കത്ത, സെക്കൻഡറാബാദ്, ലക്‌നൗ, ജയ്‌പൂർ, നാഗപൂർ, ചെന്നൈ എന്നിവിടങ്ങിലും ലാബ് പ്രവർത്തിച്ചു തുടങ്ങും.
43,346 യാത്രക്കാരെ സ്‌ക്രീൻ ചെയ്‌തു
രാജ്യത്ത് ഇതുവരെ 21 വിമാനത്താവളങ്ങളിൽ 234 വിമാനങ്ങളിൽ എത്തിയ 43,346 യാത്രക്കാരെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച 49 സാമ്പിളുകളിൽ 48 എണ്ണത്തിലും വൈറസ് ബാധയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.