ന്യൂഡൽഹി: പൊലീസ് നോക്കിനിൽക്കെ ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് വെടിയുതിർത്തു. ആക്രമണത്തിൽ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ഷദാബ് ഫാറൂഖിന് പരിക്കേറ്റു. രാംഭക്ത് എന്ന് സ്വയം വിശേഷിപ്പിച്ച ഉത്തർപ്രദേശിലെ ജേവാർ സ്വദേശി ഗോപാൽ ശർമയാണ് വെടി വെച്ചത്. ഇടത് കൈയിൽ വെടിയേറ്റ ഷദാബിനെ ആദ്യം ഹോളിഫാമിലി ആശുപത്രിയിലും തുടർന്ന് എയിംസിലും പ്രവേശിപ്പിച്ചു. മാർച്ചിനെ പ്രതിരോധിക്കാൻ റോഡ് തടഞ്ഞ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാൽ ഇതിന് മുകളിൽ കയറ്റി പുറത്തെത്തിച്ചാണ് ഷദാബിനെ ആശുപത്രിയിലെത്തിക്കാനായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജൻ ഏകത ജൻ അധികാർ ആന്ദോളൻ പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്നതിന് ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് വിദ്യാർത്ഥികൾ മാർച്ചുനടത്തുന്നതിനിടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികളുടെ മാർച്ചിനുനേരെ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കിയെത്തിയ ഗോപാൽ ശർമ പ്രകടനത്തിന്റെ മുന്നിലെത്തി 'ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത്' എന്ന് ആക്രോശിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുനേരെ തോക്കുചൂണ്ടി. പിന്നീട്, പൊലീസ് നോക്കിനിൽക്കെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത ശേഷം 'ഡൽഹി പൊലീസ് വിജയിക്കട്ടെ' എന്ന് മുദ്രാവാക്യം മുഴക്കി പൊലീസിനടുത്തേക്ക് എത്തി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. വലിയ ആക്രമണത്തിന് പോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച ശേഷമാണ് ഗോപാൽ ആക്രമണം നടത്തിയത്.
പ്രതിഷേധ റാലി നടത്തി
വെടിവയ്പിനെ തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തി. ജുമാ മസ്ജിദ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ് തുടങ്ങിയ മെട്രോസ്റ്റേഷനുകൾ പൊലീസ് അടച്ചിട്ടു.അനുരാഗ് താക്കൂറിന്റെയും ബി.ജെ.പി നേതാക്കളുടെയും ആക്രമണ ആഹ്വാനങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
വിഷയം ഗൗരവമായി എടുത്തിട്ടുണ്ട് കുറ്റവാളികളെ വെറുതെവിടില്ല. കർശന നടപടികളെടുക്കാൻ ഡൽഹി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.