ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ജൻ ഏകത ജൻ അധികാർ ആന്ദോളന്റെ നേതൃത്വത്തിലുള്ള മനുഷ്യച്ചങ്ങലയ്‌ക്കെത്തിയെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ബിനോയ് വിശ്വം എം.പി ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്നലെ രാജ്ഘട്ടിൽ നിന്ന് ചെങ്കോട്ടയിലേക്കുള്ള മനുഷ്യച്ചങ്ങലയ്‌ക്കെത്തിയപ്പോഴാണ് നടപടി.
സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷൻ, സ്വരാജ് അഭയാൻ നേതാവ് യോഗേന്ദ്ര യാദവ്, കിസാൻ സഭ നേതാവ് വിജു കൃഷ്ണൻ,സി.ഐ.ടി.യു സെക്രട്ടറി എ.ആർ സിന്ധു, എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി പി.വി സുരേന്ദ്രനാഥ്, ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആർ സുഭാഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കളേയും നൂറുകണക്കിന് പ്രതിഷേധക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം പ്രതിഷേധം തടയാനായി നിരവധി പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചെങ്കിലും രാജ്ഘട്ട്, ചെങ്കൊട്ട, ജമാമസ്ജിദ്, ഡൽഹി ഗേറ്റ്, ഗോൽച്ച, ശാന്തിവൻ എന്നിവിടങ്ങളിലായി നൂറുകണക്കിനുപേർ മനുഷ്യച്ചങ്ങല തീർത്തു.
രാജ്ഘട്ടിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള, നീലോൽപ്പൽ ബസു, ഹനൻ മൊള്ള, ബൃന്ദ കാരാട്ട്, അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് തുടങ്ങിയവർ മനുഷ്യച്ചങ്ങല തീർത്തു.
മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച 5.17ന് പ്രതിഷേധക്കാർ മൗനം ആചരിച്ചു. ഗാന്ധി സമാധിയിൽ യെച്ചൂരിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ആദരം അർപ്പിച്ചു.