budget-

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി പ്രതിഷേധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയ്ക്കിടെ രണ്ടുമാസം നീളുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തും. തുടർ‌ന്ന് കേന്ദ്രസർക്കാർ സാമ്പത്തിക സർവേ റിപ്പോർട്ട് ഇരുസഭകളിലും വയ്ക്കും.

ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ രാവിലെ ബഡ്ജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും മാർച്ച് 2 മുതൽ ഏപ്രിൽ മൂന്നുവരെയും രണ്ടു സെഷനുകളായാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം വിളിച്ചുചേർത്തു. പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചുമുതൽ ജമ്മുകാശ്‌മീരിൽ തടവിലുള്ള മുൻമുഖ്യമന്ത്രിമാരെ മോചിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.

ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ചെയർമാൻ വെങ്കയ്യനായിഡു എന്നിവരുടെ നേതൃത്വത്തിലും യോഗം ചേർന്നു.

ബഡ്ജറ്റ് അവതരണത്തിന്‌ ശേഷം പ്രതിപക്ഷ നേതാക്കൾ യോഗം ചേരും. പൗരത്വഭേദഗതി നിയമം, പൗരത്വപട്ടിക,ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ബഹളത്തിൽ മുങ്ങിയേക്കും.