ban

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി. എം.പി പർവേശ് വർമയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തി. അനുരാഗിന് 72 മണിക്കൂറും പർവേഷിന് 96 മണിക്കൂറുമാണ് വിലക്ക്. റാലികൾ, പൊതുയോഗങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവ നടത്താൻ പാടില്ല. ഇരുവരെയും ബി.ജെ.പിയുടെ താരപ്രചാരക പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കമ്മിഷൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.വടക്ക് പടിഞ്ഞാറ് ഡൽഹിയിലെ റിത്താലയിൽ ബി.ജെ.പി പ്രചാരണത്തിനിടെ 'രാജ്യദ്രോഹികളെ, വെടിവച്ചു കൊല്ലണം' എന്ന മുദ്രാവാക്യം മുഴക്കിയതാണ് അനുരാഗിന് വിനയായത്. ഷഹീൻബാഗിലെ സമരക്കാർ വീടുകളിലെത്തി ബലാത്സംഗവും കൊലയും നടത്തുമെന്നായിരുന്നു പശ്ചിമ ഡൽഹി എം.പിയായ പർവേശ് വർമ്മയുടെ പ്രസ്താവന.