opposition-parties

ന്യൂഡൽഹി: ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പൗരത്വ വിഷയം ഉന്നയിച്ച് പ്രതിപക്ഷം. നിയമത്തെ അനുകൂലിച്ച് പാർലമൻറിൽ വോട്ടുചെയ്ത ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളും കേന്ദ്രസർക്കാരിനെ വിമർശിച്ചു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിൻറെ മുന്നൊരുക്കമാണ് നിയമഭേദഗതിയെന്ന് ബി.ജെ.പിയുടെ മുതിർന്ന മന്ത്രിമാർ പ്രസംഗിച്ചു നടക്കുകയാണെന്നും ഇത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബി.ജെ.ഡി നേതാവ് പിനാകി മിശ്ര കുറ്റപ്പെടുത്തി.
ആന്ധ്രപ്രദേശിൽ ഒരു കാരണവശാലും ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാൻ പറ്റില്ലെന്ന് വൈ.എസ്.ആർ കോൺഗ്രസും വ്യക്തമാക്കി. വലിയ ജനവിഭാഗത്തെ പാർശവ്തകരിക്കാൻ മാത്രമാണ് ഇത് വഴിവയ്ക്കുകയെന്ന് ടി.ആർ.എസ് ചൂണ്ടിക്കാട്ടി. ആശയക്കുഴപ്പം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും കേന്ദ്രമന്ത്രി രാംദാസ് അതാവലെ യോഗത്തിൽ പറഞ്ഞു. വേണ്ടിവന്നാൽ നിയമഭേദഗതി പുനഃപരിശോധിക്കണമെന്ന പൊതുവികാരം സർവകക്ഷി യോഗത്തിൽ ഉയർന്നുവന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേചമന്ദ്രൻ, ജോസ് കെ. മാണി എന്നിവർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.