ന്യൂഡൽഹി :കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടന്ന 336 ഇന്ത്യക്കാരെയും കൊണ്ടുള്ള വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തും. യാത്രാ സംഘത്തിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. എയർ ഇന്ത്യയുടെ 423 സീറ്റുകളുള്ള ബോയിംഗ് 747 ജംബോ വിമാനത്തിൽ അഞ്ച് ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവുമുണ്ട്.
ഇന്നലെ മുംബയിൽ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്.
എട്ടര മണിക്കൂറോളമാണ് വുഹാനിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാസമയം.
യാത്രയ്ക്ക് മുമ്പ് മെഡിക്കൽ പരിശോധന നടത്തും. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ വിമാനത്തിൽ കയറ്റൂ. വൈറസ് ബാധയുള്ളവർക്ക് ചൈനയിൽ തന്നെ ചികിത്സാ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. യാത്രക്കാരെ തിരികെ എത്തിച്ചശേഷം വിമാനം അണുനശീകരണത്തിന് വിധേയമാക്കും.
ഹരിയാനയിൽ പ്രത്യേക കേന്ദ്രം
വുഹാനിൽ നിന്ന് മടങ്ങിയെത്തുന്നവരെ താമസിപ്പിക്കാൻ ഡൽഹി-ഹരിയാന അതിർത്തിയായ മനേസറിൽ സൈന്യം പ്രത്യേക കേന്ദ്രം ഒരുക്കി.
ഒരേസമയം 300 പേർക്ക് ഇവിടെ കഴിയാം. വുഹാനിൽ നിന്ന് എത്തുന്നവരെ വിമാനത്താവളത്തിൽ ആദ്യം പരിശോധിക്കും.
തുടർന്ന് രണ്ടാഴ്ചത്തോളം ക്യാമ്പിൽ താമസിപ്പിച്ച് ഒരു സംഘം ഡോക്ടർമാർ വൈറസ് ബാധയുണ്ടോയെന്നു നിരീക്ഷിക്കും.
കർശന പരിശോധന
രോഗബാധ സംശയിക്കുന്നവർ, രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവർ, അല്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് വിമാനത്താവളത്തിൽ പരിശോധന നടത്തുക.