ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആഗ്രഹം യാഥാർത്ഥ്യമായതായി നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഇതിന് മുഴുവൻ എം.പിമാരെയും അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
കറുത്തബാഡ്ജ് അണിഞ്ഞെത്തിയ പ്രതിപക്ഷം പരാമർശങ്ങൾക്കെതിരെ പ്രതിഷേധിച്ചു. സി.എ.എ വിരുദ്ധ ബാനറും എം.പിമാർ ഉയർത്തി. ഭരണപക്ഷം ഡെസ്കിലടിച്ച് രാഷ്ട്രപതിയെ അനുകൂലിച്ചതോടെ ഇരുഭാഗത്തുനിന്നുള്ള ബഹളത്തിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസപ്പെട്ടു.
എല്ലാവിശ്വാസങ്ങൾക്കും തുല്യമായ പരിഗണനയെന്ന തത്വത്തിലാണ് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നാൽ വിഭജന സമയത്ത് ഇന്ത്യയുടെ ഈ വിശ്വാസവും ജനങ്ങളും അതിഗുരുതരമായ ആക്രമണം നേരിട്ടു. വിഭജനത്തിനുശേഷമുള്ള സാഹചര്യം കണക്കിലെടുത്ത് ഗാന്ധിജി പറഞ്ഞു - 'പാകിസ്ഥാനിൽ താമസിക്കാൻ ആഗ്രഹിക്കാത്ത ഹിന്ദുക്കൾക്കും സിക്കുകൾക്കും ഇന്ത്യയിലേക്ക് വരാം. അങ്ങനെ വരുന്നവർക്ക് സാധാരണ ജീവിതം ഉറപ്പാക്കുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്.'
കാലാകാലങ്ങളിൽ നിരവധി ദേശീയ നേതാക്കളും രാഷ്ട്രീയപാർട്ടികളും ബാപ്പുജിയുടെ ഈ ആശയത്തെ പിന്തുണയ്ക്കുകയും വീണ്ടും പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ ആഗ്രഹം ആദരിക്കുകയെന്നത് നമ്മുടെ കടമയാണ്. ഇരുസഭകളും പൗരത്വഭേദഗതി നിയമം നിർമ്മിച്ച് ഈ ആഗ്രഹം പൂർത്തീകരിച്ചതിൽ സംതൃപ്തനാണെന്നും രാഷ്ട്രപതി പറഞ്ഞു.