congress

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പൗരത്വഭേദഗതി നിയമം, പൗരത്വപട്ടിക, ജനസംഖ്യാ രജിസ്റ്റർ എന്നീ വിഷയങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് ഉൾപ്പെടെ 14 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും എം.പിമാർ എത്തിയത്. സെൻട്രൽ ഹാളിൽ ഒറ്റബ്ലോക്കായി ഇരിക്കുകയും ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ മുൻനിരയിലെ സീറ്റ് ഉപേക്ഷിച്ച് പിൻനിരയിലേക്കു മാറി. പൗരത്വഭേദഗതി നിയമത്തിലൂടെ ഭരണഘടനയെ കേന്ദ്രസർക്കാർ ആക്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.

70 മിനിട്ടോളം നീണ്ട പ്രസംഗത്തിനിടെ പൗരത്വഭേദഗതിയെ അനുകൂലിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിച്ചപ്പോഴെല്ലാം പ്രതിപക്ഷം പ്രതിഷേധിച്ചു. എം.പിമാർ ഷെയിം ഷെയിം മുദ്രാവാക്യം മുഴക്കി. സി.എ.എ വിരുദ്ധ ബാനറും ഉയർത്തി. ഭരണബെഞ്ചിൽ നിന്ന് അനുകൂലിച്ച് ഡെസ്കിൽ തട്ടിയതോടെ രാഷ്ട്രപതിയുടെ പ്രസംഗം തടസപ്പെടുകയും ചെയ്തു.

കോൺഗ്രസ്, എൻ.സി.പി, എസ്.പി, ഡി.എം.കെ, ആർ.ജെ.ഡി, സി.പി.എം, സി.പി.ഐ, ശിവസേന, ജെ.എം.എം, ജെ.ഡി.എസ്, ആർ.എസ്.പി, കേരള കോൺഗ്രസ് എം, മുസ്ളിംലീഗ്, നാഷണൽ കോൺഫ്രൻസ് എന്നീ പാർട്ടികളാണ് ‌ പ്രതിഷേധിച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാവിലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, അധിർരഞ്ജൻ ചൗധരി, എ.കെ. ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി രാജ്യസഭയിലെയും ലോക്‌സഭയിലെയും പാർട്ടി എം.പിമാർ പങ്കെടുത്തു.