ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി നിർമ്മലസീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ സമ്മതിക്കുന്നു. ഏഴു ശതമാനം പ്രതീക്ഷിച്ചിടത്ത് നടപ്പു സാമ്പത്തികവർഷം അഞ്ച് ശതമാനം വളർച്ച മാത്രമാണുണ്ടായത്. ഈ കുറവിൽനിന്ന് ശക്തമായി തിരിച്ചുവരുമെന്നും 2020-21 സാമ്പത്തിക വർഷത്തിൽ 6 മുതൽ 6.5 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സമ്പത്ത് സൃഷ്ടിക്കൽ ആണ് ഈ വർഷത്തെ പ്രധാന തീം. ഓഹരി വിപണിയിലെ കുതിപ്പും ജി.എസ്.ടി വരുമാനത്തിലെ വർദ്ധനയും ഉയർന്ന വിദേശനിക്ഷേപവും മെച്ചപ്പെട്ട വിദേശനാണ്യ ശേഖരവും നേട്ടമാകുമെന്നാണ് പ്രതീക്ഷ.
രാജ്യാന്തരതലത്തിലെ പ്രതിസന്ധിയും നിക്ഷേപക്കുറവും വളർച്ചയെ ബാധിച്ചു. പിന്നോട്ടുപോയത് മുന്നോട്ടു കുതിക്കുന്നതിന്റെ തുടക്കമാണ്. കൂടുതൽ സാമ്പത്തിക പരിഷ്കരണങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. രണ്ട് വാല്യങ്ങളായി മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് 2019 -20 സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.
വളർച്ചയും തളർച്ചയും
ജി.എസ്.ടി വരുമാനത്തിൽ 2019 ഏപ്രിൽ - നവംബർ: 4.1 % വളർച്ച
കയറ്റുമതിയിലും ഇറക്കുമതിയിലും നടപ്പുവർഷം രണ്ടാം പാദത്തിൽ വളർച്ച ഇടിഞ്ഞു
ആദ്യ എട്ട് മാസത്തിനുള്ളിൽ ധനക്കമ്മി 114.8 % കടന്നു
നികുതി വരുമാനത്തിൽ 2.6 % വളർച്ച മാത്രം. ലക്ഷ്യമിട്ടത് 25 %
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് ഏപ്രിൽ-സെപ്തംബർ- 9.3 %.
പൊതുമേഖലാ ബാങ്കുകൾ നൽകുന്ന വായ്പ ഇടിഞ്ഞു
2018 -19 ലെ വായ്പ 5.07 ലക്ഷം കോടി. 2019-20 ൽ 89000 കോടി മാത്രം